ന്യൂഡൽഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ യു.പി.എ സർക്കാരിന്റെ സ്വപ്ന പദ്ധതിയെ കൂട്ടുപിടിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. തുടർച്ചയായി യു.പി.എ സർക്കാരിനെ അധികാരത്തിലേറാൻ സഹായിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയൊണ് മോദി സർക്കാർ ആശ്രയിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ പണലഭ്യത കൂട്ടുന്നതിലൂടെ സാധാരണക്കാരുടെ വാങ്ങൽ ശേഷി ഉയരുമെന്നും ഗ്രാമീണ സമ്പദ് രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നുമാണു സർക്കാരിന്റെ കണക്കുകൂട്ടൽ. പണലഭ്യതയും തൊഴിൽ അവസരങ്ങളും കുറഞ്ഞതോടെ ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തുന്നത്.
ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. വലിയ ജനസ്വീകാര്യത നേടിയ പദ്ധതി വൻ വിജയമായിരുന്നു. 2006ൽ നടപ്പിലാക്കിയ പദ്ധതിക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നാണ് പേരിട്ടത്. എന്നാൽ 2014ൽ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ ഈ പദ്ധതിയോട് മുഖം തിരിച്ചു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ മാസങ്ങളോളം കോടിക്കണക്കിന് രൂപയാണ് കുടിശിക വരുത്തിയത്. പിന്നീട് വലിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് പണം നൽകിയത്. എന്നാൽ ഇപ്പോൾ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയെ മറികടക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്.
അംഗങ്ങളുടെ വേതനം കൂട്ടുന്നതോടെ പദ്ധതിച്ചെലവിൽ 10 ശതമാനം വർദ്ധന വരുമെന്നാണ് സൂചന. ഈ സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം വകയിരിത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. സെപ്തംബർ 17 വരെ 46,486 കോടി വിതരണം ചെയ്തു. അധികമായി 15,000 കോടി മുതൽ 20,000 കോടി വരെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ തുക ഗ്രാമങ്ങളിൽ എത്തുന്നതോടെ സാധാരണക്കാർ ഉത്പന്നങ്ങൾ വാങ്ങാൻ തുടങ്ങും. ഗ്രാമങ്ങളിലെ ജനങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്ന പണം വിപണിയിലേക്ക് എത്തിയാൽ നിലവിലെ മാന്ദ്യത്തിന് പരിഹാരം കാണാനാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |