തിരുവനന്തപുരം: യമനിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചർച്ചകൾ തുടരും. ദയാധനം സ്വീകരിക്കുന്നതിൽ അന്തിമതീരുമാനത്തിൽ എത്തുകയാണ് അടുത്ത ഘട്ടം. വിഷയത്തിൽ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പേർ എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചെന്ന് അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കേണ്ടത്. കാന്തപുരം എപി അബൂബക്കർ മുസ്ളിയാരുടെയും, വിദേശകാര്യ മന്ത്രാലയം, ഗവർണർ വി.ആർ. ആർലേക്കർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്നിവയുടെ ഇടപെടലിനെ തുടർന്നാണ് ശിക്ഷ മാറ്റിവച്ചത്. ആക്ഷൻ കൗൺസിലാണ് വധശിക്ഷ മാറ്റിവച്ചവിവരം ഇന്നലെ ഉച്ചകഴിഞ്ഞറിയിച്ചത്. വിദേശകാര്യ മന്ത്രാലയവും കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാരും ഇത് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ചകളാണ് ഇനി നടക്കേണ്ടത്. യെമനിലെ സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിനോട് വിഷയത്തിൽ ഇടപെടാൻ കാന്തപുരം അഭ്യർത്ഥിച്ചിരുന്നു. ശൈഖിന്റെ നിർദ്ദേശപ്രകാരം തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിൽ അംഗവുമായ വ്യക്തി തലാലിന്റെ നാടായ ദമാറിലെത്തി.
തുടർന്നുള്ള കൂടിക്കാഴ്ചയിൽ വധശിക്ഷ മാറ്റിവയ്ക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യം കുടുംബം അംഗീകരിക്കുകയായിരുന്നു. ശിക്ഷ വിധിച്ച യമന്റെ അറ്റോണി ജനറലും തലാലിന്റെ കുടുംബവുമായി ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സനയിലെ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും നിരന്തരം ആശയവിനിമയം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |