മൂന്ന് പ്രതികൾ റിമാൻഡിൽ
കൊച്ചി: കൊച്ചിയിൽ എ.ടി.എം കവർച്ച ലക്ഷ്യമിട്ടെത്തിയവർ ഹരിയാനയിലെ കുപ്രസിദ്ധ കുറ്റവാളി സദ്ദാമിന്റെ സംഘാംഗങ്ങളാണെന്ന് സൂചന. കവർച്ചയ്‌ക്ക് പദ്ധതിയിട്ടതും വാഹനമോഷണത്തിൽ വിരുതനായ രാജസ്ഥാൻ ഭരത്പൂർ സ്വദേശി സൈക്കൂളിനെ (32) സംഘത്തിൽ ഉൾപ്പെടുത്തിയതും സദ്ദാമിന്റെ ആസൂത്രണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹരിയാന മോവാദ് സ്വദേശി സദ്ദാം (38), ഹരിയാന നൂഹ് സ്വദേശി നജീർ അഹമ്മദ് (33) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. മൂവരെയും കോടതി റിമാൻഡ് ചെയ്തു.
ഇവരെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് മാരുതി ഇക്കോ കാർ മോഷ്ടിച്ച്, കണ്ടെയ്‌നർ ലോറിയിൽ സംഘം കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നും കൊള്ളയാണ് ലക്ഷ്യമെന്നുമുള്ള തമിഴ്‌നാട് പൊലീസിന്റെ സന്ദേശം കേരള പൊലീസിന് ലഭിച്ചത്. തുടർന്ന് നഗരം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നെട്ടൂരിൽ ദേശീയപാതയിൽ നിറുത്തിയിട്ട രാജസ്ഥാൻ രജിസ്‌ട്രേഷനുള്ള കണ്ടെയ്‌നർ ലോറി പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടതും പ്രതികളെ കസ്റ്റഡിയിലെടുത്തതും.
സംഭവത്തിൽ പൊലീസ് രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തു. എ.ടി.എം, ബാങ്ക് മുതലായവ കൊള്ളയടിക്കാൻ ഗ്യാസ് കട്ടറും മറ്രുമായി സംഘടിച്ചെത്തിയതിനാണ് ആദ്യ കേസ്. പൊലീസ് കസ്റ്റഡിയിലിരിക്കെ ടോയ്ലെറ്റിന്റെ ജനൽ തകർത്ത് രക്ഷപ്പെട്ടതിനും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടി താഴെയിട്ട് കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് മറ്റൊന്ന്. സൈക്കൂളാണ് ഇതിലെ പ്രതി.
മോഷണത്തിന് 'സദ്ദാം സ്റ്റൈൽ"
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എ.ടി.എം കവർച്ചയിലൂടെ കുപ്രസിദ്ധി നേടിയ ക്രിമിനൽ സംഘമാണ് സദ്ദാമിന്റേത്. കൃത്യമായ രേഖകളോടെ കണ്ടെയ്നർ ലോറിയുമായി എത്തുന്നതിനാൽ ചെക്ക് പോസ്റ്റുകളിൽ ഉൾപ്പെടെയുള്ള പരിശോധന അനായാസം മറികടക്കും. കവർച്ച ചെയ്യേണ്ട സ്ഥലവും എ.ടി.എമ്മുകളും ഗൂഗിൽ മാപ്പിലൂടെ ഉറപ്പിക്കും. പ്രദേശത്ത് നിന്നു കാർ മോഷ്ടിച്ച് ചുറ്റിനടന്നാണ് കവർച്ച. ലക്ഷ്യമിട്ട എ.ടി.എമ്മുകൾ കവർന്നശേഷം കണ്ടെയ്‌നർ ലോറിയിൽ കയറ്റിക്കൊണ്ടുപോയി കാർ ഉപേക്ഷിക്കും. പൊലീസ് അന്വേഷണം കാറിനെ കേന്ദ്രീകരിച്ച് നടക്കുന്നതിനിടെ സ്ഥലംവിടും.
പാഴ്‌സൽ ലോറികളും
ഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ലോജിസ്റ്റിക്സ് ലോറികളും ഇവർ കൊള്ളയടിക്കാറുണ്ട്. ആളൊഴിഞ്ഞ ഇടങ്ങളിൽ ഡ്രൈവറെ കീഴ്പ്പെടുത്തി ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോറി പൊളിച്ച് സാധനങ്ങളെടുക്കും. ഉത്തരേന്ത്യൻ ദേശീയപാതകളിലാണ് മോവാദ് സംഘത്തിന്റെ വിഹാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |