ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനുശേഷം ഭീകരർ ആഹ്ലാദനൃത്തം ചെയ്തെന്നും നാല് റൗണ്ട് വെടിയുതിർത്ത് ആഘോഷിച്ചെന്നും ദൃക്‌സാക്ഷി മൊഴി. ജമ്മു കാശ്മീർ പൊലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തിയ ദൃക്‌സാക്ഷിയുടേതാണ് വെളിപ്പെടുത്തൽ.
ആക്രമണശേഷം ബൈസരൺ താഴ്‌വരയിൽ മൂന്ന് ഭീകരരെ കണ്ടതായും വെളിപ്പെടുത്തി. അന്വേഷണത്തിലെ നിർണായക വഴിത്തിരിവാണിതെന്ന് എൻ.ഐ.എ പറഞ്ഞു. ' ബൈസരൺ താഴ്‌വരയിൽ നിന്ന് തിരിച്ചുപോകാനൊരുങ്ങിയ ഭീകരർ എന്നെ തടഞ്ഞുനിറുത്തി. കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. പ്രാദേശിക ഉച്ചാരണത്തിൽ സംസാരിച്ചതോടെ വെറുതെവിട്ടു. തുടർന്ന് അവർ ആഘോഷം തുടങ്ങി. ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർത്തു'- ദൃക്‌സാക്ഷി പറഞ്ഞു.
ഇയാളുടെ മൊഴി കണക്കിലെടുത്ത് പ്രദേശത്ത് അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ നാല് വെടിയുണ്ടകൾ കണ്ടെത്തി.
കഴിഞ്ഞ മാസം പ്രദേശവാസികളായ പർവേസ് അഹ്‌മദ് ജോതർ, ബാഷിർ അഹ്‌മദ് എന്നിവരെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഭീകരർക്ക് ഭക്ഷണവും ഒളിയിടവും ഒരുക്കിയതായി സമ്മതിച്ചിരുന്നു. പാകിസ്ഥാൻ പൗരൻമാരായ സായുധരായ മൂന്ന് ഭീകരരെക്കുറിച്ചുള്ള വിവരങ്ങളും ഇവർ നൽകിയതായി എൻ.ഐ.എ വക്താവ് പറഞ്ഞു.
പർവേസും ബാഷിറും സമീപത്തെ ഒരു കുന്നിൽ അക്രമികളുടെ സാധനങ്ങളുമായി നിൽക്കുന്നത് കണ്ടതായും ദൃക്‌സാക്ഷി വെളിപ്പെടുത്തി. പിന്നീട് ഭീകരർ ഇവരുടെ കൈയിൽ നിന്ന് തങ്ങളുടെ സാധനങ്ങൾ തിരികെ വാങ്ങിയതായും ഇയാൾ പറഞ്ഞു.
ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ പർവേസിനെയും ബാഷിറിനെയും വിശദമായി ചോദ്യംചെയ്തു.
വീട്ടിലെത്തി, ഭക്ഷണം ചോദിച്ചു
ആക്രമണത്തിന്റെ തലേദിവസം ഉച്ചയ്ക്ക് മൂന്നോടെ മൂന്ന് ഭീകരർ തന്റെ വീട്ടിൽ വന്ന് ഭക്ഷണം ആവശ്യപ്പെട്ടതായി പർവേസ് പറഞ്ഞു. 'അവരുടെ കൈയിൽ ആയുധമുണ്ടായിരുന്നു. അവർക്ക് ഭക്ഷണം നൽകി. നാല് മണിക്കൂറോളം വീട്ടിൽ തങ്ങിയ അവർ ബൈസരണിലേക്കുള്ള വഴിയും വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളും സമയവുമെല്ലാം ചോദിച്ചു'- പർവേസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പോകുന്നതിന് മുമ്പ് അവർ തന്റെ ഭാര്യയോട് കുറച്ച് സുഗന്ധവ്യഞ്ജനങ്ങളും അരിയും പായ്ക്ക് ചെയ്ത് നൽകാൻ ആവശ്യപ്പെടുകയും 500 രൂപ നൽകുകയും ചെയ്തതായും പർവേസ് വെളിപ്പെടുത്തി. അതിനുശേഷം ബാഷിറിനെയും കണ്ട ഭീകരർ ഇരുവരോടും ഏപ്രിൽ 22ന് ഉച്ചയ്ക്ക് 12.30 ഓടെ ബൈസരണിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തതായാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |