ഗൾഫിലെ സ്‌കൂളുകൾ മദ്ധ്യവേനലവധിക്ക് അടച്ചതോടെ നാട്ടിൽ അവധി ആഘോഷിക്കാമെന്ന ആഗ്രഹം പല പ്രവാസി കുടുംബങ്ങളും വേണ്ടെന്നുവയ്‌ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. പ്രവാസികളുടെ നടുവൊടിക്കുന്ന രീതിയിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വർദ്ധിപ്പിച്ചിരിക്കുകയാണ് വിമാന കമ്പനികൾ. ഇന്ത്യൻ, വിദേശ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ നാലു മുതൽ 13 ഇരട്ടി വരെ വർദ്ധനവുണ്ട്. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. കണക്‌ഷൻ വിമാനങ്ങളിലാകട്ടെ പൊള്ളുന്ന നിരക്കും. മാത്രമല്ല, നേരിട്ടുള്ള സർവീസിൽ നാലു മണിക്കൂർ എടുക്കുന്ന യാത്രയ്ക്ക് കണക്‌ഷൻ വിമാനങ്ങളിലെ യാത്രയ‌്‌ക്ക് 16 മണിക്കൂർ വരെ സമയമെടുക്കും! ഇറാൻ - ഇസ്രയേൽ സംഘർഷമാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയതെന്ന് ചിലർ പറയുമ്പോൾ പ്രവാസികൾ പറയുന്നത് എല്ലാ പ്രത്യേക സീസണുകളിലും യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ വിമാന കമ്പനികൾ ടിക്കറ്റ് ചാർജ് കൂട്ടുന്നത് പതിവാണെന്നാണ്.
സ്‌കൂൾ അടയ്ക്കുന്നതിന് അനുസരിച്ച് മൂന്നും നാലും മാസം മുൻപ് ടിക്കറ്റ് എടുത്തവർക്കു മാത്രമാണ് കുറഞ്ഞ നിരക്കിൽ യാത്രചെയ്യാനാവുന്നത്. പലപ്പോഴും പ്ലാൻ ചെയ്തതുപോലെ യാത്രകൾ നടക്കാതെ വന്നിട്ടുള്ളതിനാൽ അങ്ങനെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലല്ല. യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഭാര്യയ്ക്കും ഭർത്താവിനും വിവിധ കമ്പനികളിലാണ് ജോലിയെങ്കിൽ മിക്കവാറും കഴിയില്ല. അതിനാൽ ഭൂരിഭാഗം പേരും ഈ സമയത്താണ് ടിക്കറ്റ് എടുക്കുന്നത്. നാലുപേരടങ്ങുന്ന ഒരു കുടുംബം നാട്ടിൽ വന്നുപോകാൻ കൊള്ള ടിക്കറ്റ് നിരക്ക് അനുസരിച്ച് ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടിവരുന്നത്. ഇത് പലർക്കും താങ്ങാനാവാത്തതിനാൽ സീസൺ കഴിഞ്ഞ് യാത്രപോകാനായി തീരുമാനിക്കുന്നവരും കുറവല്ല.
കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഒരുപോലെ വർദ്ധനവുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസിലാണ് താരതമ്യേന ടിക്കറ്റ് നിരക്ക് കുറവുള്ളത്. എന്നാൽ അടുത്തിടെയുണ്ടായ വിമാന ദുരന്തത്തിന്റെ നിഴലിലായതിനാൽ സമ്പന്ന യാത്രക്കാർ ഇത് ഒഴിവാക്കുന്ന പ്രവണതയും കണ്ടുവരുന്നു. ഇതാകട്ടെ മറ്റ് കമ്പനികൾ അവസരമാക്കി മാറ്റി ടിക്കറ്റ് നിരക്ക് പല ഇരട്ടി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എയർ ഇന്ത്യ ഈടാക്കുന്നതിന്റെ നേരേയിരട്ടി തുകയാണ് വിദേശ വിമാന കമ്പനികൾ ഈടാക്കുന്നത്. അബുദാബി - കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്‌പ്രസിൽ 21,000 രൂപയാണ് ടിക്കറ്റ് ചാർജ്. ഇതേ റൂട്ടിലെ 'ഇത്തിഹാദ്" എയർവേയ്‌സിൽ ഇക്കോണമി ക്ളാസിന് അരലക്ഷമാണ് ടിക്കറ്റ് വില. ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് 'സൗദിയ" വിമാനത്തിലും അരലക്ഷത്തിനടുത്താണ് ടിക്കറ്റ് ചാർജ്.
എയർ ഇന്ത്യയിൽ ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 30,000 മുതൽ 32,000 രൂപവരെയാകും. ഇക്കഴിഞ്ഞ പെരുന്നാളുകാലത്തും എല്ലാ വിമാനക്കമ്പനികളും ടിക്കറ്റ് ചാർജ് ഉയർത്തി പ്രവാസികളെ പിഴിഞ്ഞിരുന്നു. എല്ലാ വർഷവും ആവർത്തിക്കുന്ന ഈ സമ്പ്രദായത്തിന് ഒരു പരിഹാരം ആവശ്യമാണ്. ഇന്ത്യ - യു.എ.ഇ സെക്ടറിൽ ആഴ്ചയിൽ 65,000 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. സീസണിൽ ഒരുലക്ഷത്തോളം യാത്രക്കാരുണ്ടാവും. ഉഭയകക്ഷി കരാറിലൂടെ സീറ്റ് വർദ്ധിപ്പിച്ചാൽ നിരക്ക് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കാനാവും. സൗദി സെക്ടറിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഏവിയേഷൻ വകുപ്പ്, ഡി.ജി.സി.എ എന്നിവ മുൻകൈയെടുത്ത് ചർച്ചകൾ നടത്തിയാൽ ഗൾഫ് സെക്‌ടറിൽ അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം കൂട്ടാനാകും. ഇതിനുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന് കേരളത്തിൽ നിന്നുള്ള എം.പിമാരും മുൻകൈയെടുക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |