തിരുവനന്തപുരം: സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ താൻ വിലക്കിയിട്ടും ഓഫീസിൽ വരുന്നതും ഔദ്യോഗിക വാഹനമുപയോഗിക്കുന്നതും ചൂണ്ടിക്കാട്ടി വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഗവർണർക്ക് റിപ്പോർട്ട് നൽകി.
രജിസ്ട്രാറുടെ ചുമതല താൻ കൈമാറിയ പ്ലാനിംഗ് ഡയറക്ടർ ഡോ.മിനി കാപ്പനെ നിർവഹിക്കാനും അനുവദിക്കുന്നില്ല. സസ്പെൻഷനിലായ രജിസ്ട്രാറെ ഓഫീസിൽ നിന്ന് നീക്കാൻ പൊലീസും സർക്കാരും നടപടിയെടുക്കുന്നില്ല. സസ്പെൻഷൻ റദ്ദാക്കാൻ ഡോ.അനിൽകുമാർ അപേക്ഷ നൽകിയിട്ടില്ല. തന്റെ ഉത്തരവുകൾ അനുസരിക്കുന്നതുമില്ല. ഇനി ഇക്കാര്യത്തിൽ ഗവർണർക്ക് ഉചിതമായ നടപടിയെടുക്കാമെന്നും അറിയിച്ചു.
അതിനിടെ, ആഗസ്റ്റ് 14ന് അക്കാഡമിക് കൗൺസിൽ ചേരുമെന്ന് കൗൺസിൽ അംഗങ്ങളെയും സിൻഡിക്കേറ്റ് അംഗങ്ങളെയും രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനി കാപ്പൻ അറിയിച്ചു. 70 അദ്ധ്യാപകരാണ് കൗൺസിലിലുള്ളത്. വകുപ്പ് മേധാവിമാരും ജോയിന്റ് രജിസ്ട്രാർമാരും നേരിട്ട് അയയ്ക്കുന്ന ഫയലുകളിൽ വി.സി തീരുമാനമെടുക്കുന്നുണ്ട്. ബിരുദ സർട്ടിഫിക്കറ്റുകൾക്കായുള്ള 1000 അപേക്ഷകളിലും തീരുമാനമെടുക്കും. ഇന്ന് രാവിലെ വി.സി സർവകലാശാലയിലെത്തിയേക്കും.
ഡോ.അനിൽകുമാറിനെ രജിസ്ട്രാറായി നിയമിച്ചത് ഡെപ്യൂട്ടേഷനിൽ തന്നെയാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൽ കമ്മിറ്റി . അനിൽകുമാറിന് ഡെപ്യൂട്ടേഷൻ അനുവദിച്ചു കൊണ്ടുള്ള സർക്കാരിന്റെയും, ഡെപ്യൂട്ടേഷനിലാണെന്ന് തെളിയിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഉത്തരവുകൾ കമ്മിറ്റി പുറത്തു വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |