കൊച്ചി: എൻജിനിയറിംഗ്, ഫാർമസി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ പേരിൽ പണപ്പിരിവ് നടത്തുന്നതായി പരാതി. വിദ്യാർത്ഥികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ ഹർജികളുടെ പേരിലാണ് സ്‌കൂൾ മാനേജ്മെന്റുകളിൽ നിന്ന് പിരിക്കുന്നത്.
സി.ബി.എസ്.ഇ, കേരള സിലബസുകളിലെ വിദ്യാർത്ഥികൾ വ്യക്തിപരമായി നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. സംഘടനകൾ കക്ഷി ചേർന്നിട്ടില്ല. അൺ എയ്ഡഡ് പ്രൊട്ടക്ഷൻ കൗൺസിൽ നിയമിച്ച അഭിഭാഷകന് നൽകാൻ സ്‌കൂളുകൾ രണ്ടായിരം മുതൽ മൂവായിരം വരെ രൂപ വീതം നൽകണമെന്ന സർക്കുലർ സ്‌കൂളുകൾക്ക് ലഭിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ പേരിലാണ് സർക്കുലർ.
തൃശൂരിലെ വ്യക്തിയുടെ അക്കൗണ്ടിലേക്കും ഗൂഗിൾ പേ വഴിയും തുക നൽകാനാണ് നിർദ്ദേശം. അഭിഭാഷകന് കൈമാറാനാണ് വ്യക്തിയുടെ അക്കൗണ്ടിൽ പണം നൽകേണ്ടതെന്നും പറയുന്നുണ്ട്.
കേസിൽ സംഘടന കക്ഷിയല്ലാത്തപ്പോൾ പണപ്പിരിവ് നടത്തുന്നതിൽ സ്‌കൂളുകൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഘടനയുടെ ബാങ്ക് അക്കൗണ്ടിന് പകരം വ്യക്തിയുടെ അക്കൗണ്ട് ഉപയോഗിക്കുന്നതും സംശയകരമാണ്. അഭിഭാഷകൻ ആര്, സുപ്രീം കോടതിയിൽ ഹാജരായോ, കേസിൽ കക്ഷി ചേർന്നോ തുടങ്ങിയ കാര്യങ്ങൾ അക്കൗണ്ട് ഉടമയുമായി ഫോണിൽ സംസാരിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.
അൺ എയ്ഡഡ് പ്രൊട്ടക്ഷൻ കൗൺസിലിലും ഭിന്നത ഉയർന്നിട്ടുണ്ട്. പ്രധാന ഭാരവാഹികൾ പിരിവിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. സ്വകാര്യ അക്കൗണ്ട് ഉപയോഗിക്കുന്നതിലും വിയോജിപ്പുണ്ട്. ഹർജി നൽകിയ വിദ്യാർത്ഥികളെ സഹായിക്കാനാണ് പിരിവെന്നാണ് കൗൺസിൽ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |