തിരുവനന്തപുരം: രജിസ്ട്രാറുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍. സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ കെഎസ് അനിൽകുമാർ ആദ്യം പുറത്തുപോകട്ടെയെന്ന് മോഹനൻ കുന്നുമ്മൽ നിലപാടെടുത്തു. സിൻഡിക്കേറ്റ് വിളിക്കണമെന്ന ആവശ്യം അതിനുശേഷം പരിഗണിക്കാമെന്നാണ് പുതിയ നിലപാട്. താൽക്കാലിക രജിസ്ട്രാർ മിനി കാപ്പന് മുഴുവൻ ചുമതലയും കൈമാറണമെന്നും വിസി ആവശ്യപ്പെട്ടു.
കേരള സർവകലാശാലയിലെ സർക്കാർ - ഗവർണർ പോര് സമവായത്തിലേക്കെത്തിയെന്നും പ്രശ്ന പരിഹാരത്തിന് തയ്യാറാണെന്നും വൈസ് ചാൻസലർ അറിയിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്നലെ പറഞ്ഞിരുന്നു. സർക്കാർ ഇടപെടലിനെ തുടർന്ന് സിൻഡിക്കേറ്റ് യോഗം വിളിക്കാമെന്ന് വിസി മോഹനന്‍ കുന്നുമ്മല്‍ ഉറപ്പു നൽകിയതോടെയാണ് പ്രശ്നപരിഹാരത്തിനുള്ള സാദ്ധ്യത തെളിയുന്നതെന്നായിരുന്നു മന്ത്രി പറഞ്ഞത്.
സർവകലാശാല പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്. ഔദ്യോഗിക വസതിയിൽ നേരിട്ടെത്തി മോഹനൻ കുന്നുമ്മൽ, ആർ ബിന്ദുവിനെ കഴിഞ്ഞദിവസം കണ്ടിരുന്നു. കേരള സർവകലാശാല വിഷയത്തിനപ്പുറം മറ്റ് സർവകലാശാലയിലെയും പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമം. ഗവർണർ കേരളത്തിൽ തിരിച്ചെത്തിയാൽ മന്ത്രിമാർ രാജ്‌ഭവനിൽ എത്തി പ്രതിസന്ധി പരിഹാരത്തിനുള്ള ചർച്ചകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |