ഔദ്യോഗിക സീൽ മടക്കിനൽകിയില്ലെങ്കിൽ കേസെന്ന് വി.സി
സർക്കാരിന്റെ സമവായശ്രമങ്ങൾ പൂർണമായി പാളി
തിരുവനന്തപുരം: സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ ഡിജിറ്റൽ ഫയൽ സംവിധാനത്തിലെ ലോഗിൻ ഇന്നലെ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ റദ്ദാക്കി. കമ്പ്യൂട്ടർ സെന്റർ ഡയറക്ടറെയും ജീവനക്കാരെയും വിളിച്ചുവരുത്തി ഉടൻ ലോഗിൻ നീക്കംചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ ഇനി അനിൽകുമാറിന് ഫയലുകൾ കാണാനാവില്ല. രജിസ്ട്രാറുടെ ഇ-ഫയൽ ലോഗിൻ പ്ലാനിംഗ് ഡയറക്ടർ ഡോ. മിനി കാപ്പന് നൽകി. ഡോ.അനിൽകുമാറിന് ഇനി ലോഗിൻ അനുവദിക്കരുതെന്ന് കെൽട്രോണിന് വി.സി കത്ത് നൽകി. ആരുടെയെങ്കിലും സമ്മർദ്ദപ്രകാരം ലോഗിൻ മാറ്റിനൽകിയാൽ നിയമനടപടിയെടുക്കുമെന്നും കെൽട്രോണിനെ അറിയിച്ചു.
രജിസ്ട്രാറുടെ ഔദ്യോഗിക സീലടക്കം ഇന്ന് രാവിലെ പത്തരയ്ക്കകം തിരികെ നൽകാൻ ഡോ. അനിൽകുമാറിന് വി.സി നിർദ്ദേശം നൽകി. ഇല്ലെങ്കിൽ പൊലീസിൽ പരാതി നൽകും. രജിസ്ട്രാറുടെ ശമ്പളം തടയാനുള്ള വി.സിയുടെ നിർദ്ദേശം നടപ്പാക്കുമെന്ന് ഫിനാൻസ് ഓഫീസർ ഇന്നലെ വി.സിയെ അറിയിച്ചു. ശമ്പളം നൽകിയാൽ ഫിനാൻസ് ഓഫീസറുടെ ബാദ്ധ്യതയിൽ പെടുത്തുമെന്ന് വി.സി മുന്നറിയിപ്പ് നൽകിയിരുന്നു. വി.സി സർവകലാശാലയിൽ ഉണ്ടായിരുന്ന ഇന്നലെ ഡോ. അനിൽകുമാർ ഓഫീസിൽ എത്തിയിരുന്നില്ല. പകരം അദ്ദേഹം കാര്യവട്ടം ക്യാമ്പസിൽ സന്ദർശനം നടത്തി.
വി.സിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം
ഇന്നലെ 1100 ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിട്ട് മടങ്ങിയ കേരള സർവകലാശാല വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. വി.സി സർവകലാശാലയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ എസ്.എഫ്.ഐക്കാർ സംഘടിച്ചെത്തി കാറിനു മുന്നിലേക്ക് ചാടിവീണു. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്തു. പ്രധാന ഗേറ്റൊഴിവാക്കി രണ്ടാം ഗേറ്റ് വഴി വി.സിയെ പുറത്തെത്തിച്ചു. സുരക്ഷാവീഴ്ചയെക്കുറിച്ചും പ്രതിഷേധത്തെക്കുറിച്ചും ഗവർണറെയും കോടതിയെയും അറിയിക്കുമെന്ന് വി.സി വ്യക്തമാക്കി.സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഇരുനൂറിലേറെ പൊലീസുകാരെ സർവകലാശാലാ ആസ്ഥാനത്ത് നിയോഗിച്ചിരുന്നു.
സിൻഡിക്കേറ്റ് വിളിക്കണം : മന്ത്രി
സിൻഡിക്കേറ്റ് യോഗം ഉടൻ വിളിച്ചുചേർക്കാൻ മന്ത്രി ആർ.ബിന്ദു വി.സിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. നേരത്തേ വി.സിയുമായി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി ഇക്കാര്യമുന്നയിച്ചിരുന്നു. എന്നാൽ രജിസ്ട്രാർ സസ്പെൻഷൻ അംഗീകരിച്ച് മാറിനിന്ന ശേഷം മാത്രം സിൻഡിക്കേറ്റ് വിളിക്കുന്നത് പരിഗണിക്കാമെന്നായിരുന്നു വി.സിയുടെ മറുപടി. സർവ്വകലാശാല സ്റ്റാറ്റ്യൂട്ട് 6 (1) പ്രകാരം രണ്ടുമാസം കൂടുമ്പോഴാണ് യോഗം ചേരേണ്ടത്. ജൂലായ് ആറിന് സ്പെഷ്യൽ സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. ചട്ടപ്രകാരം ഇനി സെപ്തംബർ ആറിനകം ചേർന്നാൽ മതിയാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |