കോഴിക്കോട്: കാലം തെറ്റി പെയ്ത മഴയും പൊള്ളുന്ന ചൂടും വില്ലനായതോടെ സംസ്ഥാനത്ത് തേൻ ഉത്പാദനത്തിൽ വൻ ഇടിവ്. ഹോർട്ടികോർപ്പിന്റെ കണക്കുപ്രകാരം 35 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വർഷം ജനുവരി മുതൽ മാർച്ച് വരെ 20 ടൺ സംഭരിക്കാനായെങ്കിൽ ഇക്കൊല്ലം ഇതുവരെ ശേഖരിക്കാനായത് 10 ടൺ മാത്രം. കഴിഞ്ഞവർഷം ആകെ (ജനുവരി-ഡിസംബർ) 50 ടൺ സംഭരിച്ചിരുന്നു. ജനുവരി മുതൽ മാർച്ച് വരെയാണ് പ്രധാന തേൻ വിളവെടുപ്പ് കാലം.
സീസൺ കാലത്തെ അമിതചൂടും ഇടവിട്ടുള്ള മഴയും ഉത്പാദനത്തെ ബാധിച്ചു. റബർതോട്ടങ്ങൾ കുറഞ്ഞതും (ഈച്ച കൂടുതൽ തേൻ ശേഖരിക്കുന്നത് ഇവിടെ നിന്നാണ്) കാരണമായി. ഹോർട്ടികോർപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 4800 തേനീച്ച കർഷകരാണ്. രജിസ്റ്റർ ചെയ്യാത്തവരടക്കം 15,000ത്തോളം പേർ.
ഒരു തേനീച്ച പെട്ടിയിൽ നിന്ന് ശരാശരി 20 കിലോ തേനാണ് ലഭിക്കുക. എന്നാൽ, ഇത്തവണ അഞ്ച്- ആറ് കിലോയായി കുറഞ്ഞു. തേൻ ഉത്പാദനം കൂട്ടാനായി ഹോർട്ടികോർപ്പ് കർഷകർക്ക് പരിശീലനം നൽകുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തേൻ ഉത്പാദിപ്പിക്കുന്നത് തിരുവനന്തപുരത്താണ്. രണ്ടാമത് കോട്ടയം.
കർഷകർക്ക് കയ്പ്പുനീർ
തേൻ ഉത്പാദനം ഓരോവർഷവും കുറയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഈച്ചയടക്കം ഒരു പെട്ടി സ്ഥാപിക്കുന്നതിന് 2000 രൂപയോളമാണ് ചെലവ്. എന്നാൽ ചെലവിനനുസരിച്ച് ഉത്പാദനമില്ല. കിലോയ്ക്ക് 190 രൂപ നിരക്കിലാണ് ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് തേൻ സംഭരിക്കുന്നത്. പൊതുവിപണിയിൽ വില 300-500 രൂപവരെ. ചെറുതേനിന് ഹോർട്ടികോർപ്പ് നൽകുന്നത് 1500-1600 രൂപ. പൊതുവിപണിയിൽ 2000- 3000 രൂപ.
ചെറുതേനിനും ക്ഷാമം
ഏറെ ഡിമാന്റുള്ള ചെറുതേനിനും ക്ഷാമമാണ്. ഒരു പെട്ടിയിൽ നിന്ന് 250- 300 ഗ്രാം മാത്രമാണ് ലഭിക്കുന്നത്
കോഴിക്കോട്, വയനാട്, കോട്ടയം എന്നിവിടങ്ങളിൽ നിന്നാണ് ചെറുതേൻ കൂടുതലും ലഭിക്കുന്നത്
15,000
സംസ്ഥാനത്ത് തേൻ കർഷകർ
300-500 രൂപ
തേൻ വില
(കിലോയ്ക്ക്, പൊതുവിപണിയിൽ)
2000-3000 രൂപ
ചെറുതേൻ വില
(കിലോയ്ക്ക്, പൊതുവിപണിയിൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |