ആലപ്പുഴ: ഒരു മതത്തിനും ദേവാലയത്തിനും വേണ്ടി പണം മുടക്കാൻ സർക്കാരിന് അധികാരമില്ലെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു.എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ എൻ.കെ.നാരായണൻ വിദ്യാഭ്യാസസഹായ പദ്ധതിയുടെ സഹായ വിതരണവും ആദരിക്കലും തുമ്പോളി എസ്.എൻ ഗുരുമന്ദിര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന് ദൈവവും മതവുമില്ല. അത് ജനങ്ങൾക്കാണുള്ളത്. ഭക്തിയെ കച്ചവടച്ചരക്കാക്കരുത്. അമ്പലപ്പുഴ താലൂക്കിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ ആറ് കോടി രൂപ മുടക്കി ഡീലക്സ് മുറികൾ പണിത് വാടകയ്ക്ക് നൽകാൻ പോകുന്നു. ഇതിനായി ചെലവഴിക്കുന്ന പണമുപയോഗിച്ച് വിദ്യാലയമോ കുടിവെള്ള പദ്ധതിയോ പാവപ്പെട്ടവർക്ക് വീടോ റോഡോ യാഥാർത്ഥ്യമാക്കിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു.
ക്ഷേത്രത്തിന്റെ കാര്യങ്ങൾ ദേവസ്വം ബോർഡ് നോക്കണം. ബോർഡിന് പ്രതിസന്ധിയുണ്ടെങ്കിൽ സർക്കാരിന് സഹായിക്കാം. ഇക്കാര്യങ്ങൾ ജനപ്രതിനിധികൾ ശ്രദ്ധിക്കണം. എല്ലാവരും കൂടി കൈകൊട്ടിപ്പാട്ട് നടത്തി എല്ലാംഗംഭീരമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വിദ്യാഭ്യാസ മേഖലയിലെ ഒരു പ്രശ്നവും ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |