വാഷിംഗ്ൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ എഫ്ബിഐ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്യുന്ന വീഡിയോ പങ്കുവച്ചു കൊണ്ട് ഒരു വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരി തെളിയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് യുഎസ് പ്രസിഡന്റ് ദൃശ്യങ്ങൾ പങ്കിട്ടത്. 'ഡെമോക്രാറ്റുകൾ ആരും നിയമത്തിന് അതീതരല്ല പ്രത്യേകിച്ച് പ്രസിഡന്റ് " എന്ന് ഒബാമ പറഞ്ഞു തുടങ്ങുന്നിടത്താണ് 45 സെക്കന്റുകൾ ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്.
തുടർന്ന് ഫൂട്ടേജ് ഒരു ഡീപ്ഫേക്ക്-സ്റ്റൈൽ സീക്വൻസിലേക്ക് മാറുകയാണ്. അതിൽ ഒബാമയെ എഫ്ബിഐ ഉദ്യോഗസ്ഥർ കൈകളിൽ വിലങ്ങണിയിക്കുന്നതും സമീപത്ത് ട്രംപ് പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നതും കാണാം. ഒബാമ ഓറഞ്ച് ജയിൽ ജമ്പ്‌സ്യൂട്ട് ധരിച്ച് ജയിൽ സെല്ലിനുള്ളിൽ നിൽക്കുന്നതും പശ്ചാത്തലത്തിൽ "വൈഎംസിഎ" എന്ന ഗാനം പ്ലേ ചെയ്യുന്നതോടെയാണ് വ്യാജ വീഡിയോ അവസാനിക്കുന്നത്. ദൃശ്യങ്ങൾ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ ട്രംപിന്റെ വീഡിയോ നിരുത്തരവാദപരമെന്നാണ് വിമർശകർ അഭിപ്രായപ്പെട്ടത്.
2016 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ ഒബാമയും അദ്ദേഹത്തിന്റെ ഉന്നത തല ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഒത്തുകളി നടത്തിയെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ പുതിയ ആരോപണങ്ങൾക്കൊപ്പമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗവും 2020 ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഗബ്ബാർഡ് നിലവിൽ ട്രംപിന് കീഴിൽ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
'അമേരിക്കൻ ജനതയുടെ തീരുമാനത്തെ അട്ടിമറിക്കാനും നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിനെ തുരങ്കം വയ്ക്കാനുമായി ഡൊണാൾഡ് ട്രംപിനെതിരെ വർഷങ്ങളോളം നീണ്ടുനിന്ന അട്ടിമറിക്ക് അടിത്തറയിട്ടതെങ്ങനെയെന്നും അമേരിക്കക്കാർ ഒടുവിൽ മനസിലാക്കും' എന്നാണ് തുളസി എക്സിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |