തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അദ്ധ്യാപകൻ കസ്റ്റഡിയിൽ. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപാണ് കസ്റ്റഡിയിലായത്. പരാതി ലഭിച്ചതിനെത്തുടർന്നാണ് നഗരൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയെടുത്തതിനുശേഷം തുടർ നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. വി എസിന്റെ പേരെടുത്ത് പറയാതെയുള്ള പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.
അതേസമയം, വി എസിന്റെ പൊതുദർശനം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടുവരെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ അന്തിമോപചാരമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 27 കേന്ദ്രങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും. പാളയം, പി.എം.ജി, പ്ലാമൂട്,പട്ടം, കേശവദാസപുരം, ഉള്ളൂർ,പോങ്ങുമൂട്, ശ്രീകാര്യം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം,ആറ്റിങ്ങൽ ബസ് സ്റ്റാന്റ് ,കച്ചേരിനട,ആലംകോട്,കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28–ാം മൈൽ, കടമ്പാട്ടുകോണം എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ. കൊല്ലം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനം ഉണ്ടാകും.
നാളെ രാവിലെ ഒൻപത് മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് ആലപ്പുഴ ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. വൈകുന്നേരത്തോടെ ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്‌കാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |