ഒരുസമയം ഒന്നിലധികം ജോലി ചെയ്യേണ്ടി വരുമ്പോൾ നമ്മൾ ഒരു രണ്ട് കൈകൂടിയുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിക്കുകയോ പറയുകയോ ഒക്കെ പതിവുള്ളതല്ലേ. എന്നാൽ ഒരൊറ്റ കൈകൊണ്ടുതന്നെ തന്റെ ഇഷ്ടമുള്ള ജോലി അതിസുന്ദരമായി ചെയ്യുന്നൊരു ഇടുക്കിക്കാരി പെൺകുട്ടിയെ പരിചയപ്പെടാം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ അഞ്‌ജന ഷാജി ചെയ്യുന്ന ലളിതവും സുന്ദരവുമായ എംബ്രോയിഡറി വർക്കുകൾ കണ്ടാൽ ആർക്കും ഇഷ്‌ടം തോന്നും.
മണ്ണാപ്പറമ്പിൽ ഷാജി തോമസിന്റെയും ആലിസ് ഷാജിയുടെയും മകളായ അഞ്ജന സ്‌കൂൾ പഠനശേഷം കോട്ടയം ബിസിഎം കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും തൊടുപുഴ ശാന്തിഗിരി കോളേജിൽ നിന്ന് എംഎസ്‌ഡബ്ളിയു ബിരുദാനന്തര ബിരുദവും നേടിയ ശേഷം എല്ലാവരെയും പോലെ ചെറിയൊരു ജോലിയിൽ പ്രവേശിച്ചു. പക്ഷെ അധികനാൾ തുടർന്നില്ല. പിന്നീട് തയ്യലിനെക്കുറിച്ച് അന്നുവരെ ഒന്നുമറിയില്ലായിരുന്ന അഞ്ജന മെല്ലെ ഈ മേഖലയിലേക്ക് കൈവച്ചുനോക്കി.
കൗതുകത്തിനായി ചെയ്‌ത വർക്ക് വീട്ടിലെല്ലാവരുടെയും ഇഷ്‌ടം പിടിച്ചുപറ്റിയതോടെ എംബ്രോയിഡറിയുടെ ലോകത്തേക്ക് കൂടുതൽ ഗൗരവത്തോടെ ഇടപെടാൻ തുടങ്ങി. ഇതിനിടെ വിവാഹം കഴിഞ്ഞ് ഭർത്താവ് ആൽവിൻ ആന്റണിയോടൊപ്പം കൊച്ചിയിൽ പെരുമ്പടപ്പിലെത്തി. പിന്നീട് One Hand Embroidery എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് തുടങ്ങി. ചെറിയ തോതിൽ വർക്കുകൾ ചെയ്യുന്ന വീഡിയോകൾ ആണ് ആദ്യം പങ്കുവച്ചത്.
മെല്ലെമെല്ലെ റീലുകൾ വൈറലായതോടെ പതിനായിരക്കണക്കിന് ആളുകൾ അഞ്‌ജനയുടെ എംബ്രോയിഡറി വർക്കുകളുടെ റീലുകൾക്ക് പ്രതികരിച്ചു തുടങ്ങി. അഞ്ജനയുടെതുപോലെ ഒരുപാട് ആളുകൾ പേഴ്‌സണൽ മെസേജുകൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വർക്കുകളുടെ റീലുകൾ കണ്ട് ആളുകൾ കൂടുതൽ ഓർഡറുകളും നൽകി.
'വൺ ഹാൻറ് എംബ്രോയിഡറി റീൽസ് കണ്ട് ആളുകൾ കുറച്ചു കുറച്ച് ഓർഡർ തന്നു തുടങ്ങിയിട്ടുണ്ട് സന്തോഷമാണ്. ഒരുപാട് പേര് ഈ "വൺ ഹാൻഡ് എംബ്രോയിഡറി"എന്ന പേരു മാറ്റാൻ വേണ്ടി സജസ്റ്റ് ചെയ്യുന്നുണ്ട്, ഞാൻ അവരോടൊക്കെ പറയുന്ന ഒരു കാര്യം ഞാൻ ഈ വൺ ഹാൻഡ് വെച്ചാണ് ഇവിടം വരെ എത്തിയത്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.' അഞ്‌ജന തുറന്നുപറയുന്നു.
സ്‌നേഹിക്കുന്നയാളെ ആദ്യമായി കണ്ട സ്ഥലത്തിന്റെ മാപ്പ് ലൊക്കേഷൻ കോഡ് അടങ്ങിയ എംബ്രോയിഡറി, തേക്കടി യോദ്ധ കളരിസെന്ററിൽ നിന്ന് ലഭിച്ചത് എന്നിങ്ങനെ വ്യത്യസ്‌തമായ വർക്കുകൾ അഞ്ജന ചെയ്‌തിട്ടുണ്ട്. നിലവിൽ ഇൻസ്റ്റ പേജിലൂടെയും onehandembroidery@gmail.com എന്ന മെയിൽ ഐഡി വഴിയുമാണ് പുതിയ വർക്കുകൾ സ്വീകരിക്കുന്നത്. ഇനിയും വളർന്ന് ഒരു ചെറിയ യൂണിറ്റ് ഒക്കെ ആയി One Hand Embroidary എന്ന ഒരു ബ്രാൻഡ് ആക്കി മാറ്റാനാണ് അഞ്‌ജന ആഗ്രഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |