ഭാേപ്പാൽ: സീറ്റിനടിയിൽ ഉഗ്രവിഷമുള്ള കൂറ്റൻ അണലിയുമായി കോളേജ് വിദ്യാർത്ഥി ബൈക്കോടിച്ചത് രണ്ട് കിലോമീറ്റർ. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പാമ്പുപിടിത്തക്കാരനെത്തി പിടികൂടിയ അണലിയെ പിന്നീട് കാട്ടിൽ വിട്ടു.
സംഭവം ഇങ്ങനെ: കോളേജിൽ ബൈക്കുമായി പോയതാണ് വിദ്യാർത്ഥി. കാേളേജിന് പുറത്താണ് പാർക്കുചെയ്തിരുന്നത്. വീട്ടിലേക്ക് പോകാൻ ബൈക്ക് എടുക്കാൻ എത്തിയപ്പോൾ ബൈക്കിന് സമീപം നേരത്തേ പാമ്പിനെ കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. ഇതുകേട്ട് ബൈക്കും പരിസരവും സൂക്ഷ്മമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതോടെ ബൈക്കുമെടുത്ത് വീട്ടിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈക്ക് സർവീസ് സെന്ററിൽ കാണിച്ചു.
മെക്കാനിക്കുകൾ ബൈക്ക് പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ സീറ്റിനടിയിൽ എന്തോ അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ പരിശോധിച്ചപ്പോഴാണ് ഉഗ്രവിഷമുളള അണലിയാണെന്ന് വ്യക്തമായത്. തുടർന്ന് പാമ്പുപിടിത്തക്കാരനെ വിളിച്ചുവരുത്തി അണലിയെ പിടികൂടുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് അയാൾ പാമ്പിനെ പിടികൂടിയത്.
ഭാഗ്യംകൊണ്ടുമാത്രമാണ് വിദ്യാർത്ഥി കടിയേൽക്കാതെ രക്ഷപ്പെട്ടതെന്ന് പാമ്പുപിടിത്തക്കാരൻ പറയുന്നു. വിദ്യാർത്ഥി ഇരുന്നതോടെ സീറ്റ് അണലിക്ക് മേൽ അമർന്നെങ്കിലും അത് കടിച്ചില്ല. വേദനയെടുത്ത് കടിച്ചിരുന്നെങ്കിൽ മാരകമായേനെയെന്നും വിദ്യാർത്ഥിയുടെ ജീവൻതന്നെ അപകടത്തിൽ ആയേനെയെന്നും അയാൾ പറഞ്ഞു. പാർക്കുചെയ്തിരിക്കുന്ന ബൈക്കും സ്കൂട്ടറും ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരികെ എടുക്കുമ്പോൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനൊപ്പം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |