SignIn
Kerala Kaumudi Online
Sunday, 27 July 2025 2.04 PM IST

തന്നിലേക്കു തന്നെ നോക്കുവാൻ...

Increase Font Size Decrease Font Size Print Page
ramayananm

സത്യത്തിനും ധർമ്മസംസ്ഥാപനത്തിനും വേണ്ടിയുള്ള ശ്രീരാമന്റെ പരിക്രമണവും, വിശുദ്ധി തുളുമ്പുന്ന ജീവിത മഹിമയ്ക്കായുള്ള സീതാദേവിയുടെ അയനവും കൂടിച്ചേർന്ന രാമകഥ, വർത്തമാന കാലഘട്ടത്തിലെ വഞ്ചനകൾക്കും മിഥ്യാഭിമാനങ്ങൾക്കും ഉപരിപ്ലവ ആദർശ നാട്യങ്ങൾക്കും യുദ്ധകാഹളങ്ങൾക്കും വിശ്വാസ രാഹിത്യങ്ങൾക്കും ഇതിന്റെയെല്ലാം ആകത്തുകയായ സംഘർഷഭരിതമായ സാമൂഹികാവസ്ഥകൾക്കും മുന്നിൽ, ഉത്തമവും പ്രബുദ്ധവുമായ ഒരു പുഃനചിന്തനത്തിനുള്ള മഹാ ഔഷധമാണ്.

വാത്മീകി തെളിയിച്ച മഹാകാവ്യദീപ്തിയെ തുഞ്ചന്റെ പൈങ്കിളിക്കൊഞ്ചലിലൂടെ നാം ശ്രവിക്കുന്നു. മനുഷ്യജീവിതത്തിന്റെ സ്ഥായിയായ സമസ്യകൾ ബഹുജനഹിതത്തിനും ബഹുജനസുഖത്തിനും വേണ്ടി അഭിസംബോധന ചെയ്യുന്ന രാമായണം കാലാതിവർത്തിയായ പ്രസക്തിയെയാണ് കാണിക്കുന്നത്. തനിക്ക് തന്നിലേക്കു തന്നെ നോക്കുവാനുള്ള കണ്ണാടിയാണ് രാമായണം. ധർമ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് രാമരാജ്യം.

ബാലകാണ്ഡം സന്താനങ്ങളുടെ ഗുണാനുഭവങ്ങൾക്കും കുടുംബാഭിവൃദ്ധിയ്ക്കും, അയോദ്ധ്യാകാണ്ഡം ജീവിതസൗഖ്യത്തിനും, ആരണ്യ കാണ്ഡം നഷ്ടമായവ തിരികെ ലഭിക്കുന്നതിനും സകല ദോഷപരിഹാരങ്ങൾക്കും, കിഷ്‌കിന്ധാ കാണ്ഡം ശത്രുതകളെ നീക്കി പ്രതിയോഗികളെ മിത്രങ്ങളാക്കുന്നതിനും, സുന്ദരകാണ്ഡം കാര്യലബ്ദ്ധിക്കും സമാധാനപ്രാപ്തിക്കും, യുദ്ധകാണ്ഡം സർവാഭീഷ്ട സിദ്ധിക്കും കാരണഭൂതമാകുന്നു. അതത് ഗ്രഹങ്ങളുടെ ദിനങ്ങളിൽ പാരായണം ചെയ്യുന്നതിലൂടെ ഓരോരോ കാണ്ഡവും ആദിത്യപ്രീതിക്കും, ചൊവ്വാപ്രീതിക്കും, കേതു പ്രീതിക്കും, ബുധപ്രീതിക്കും, വ്യാഴപ്രീതിക്കും, ചന്ദ്രപ്രീതിക്കും, രാഹുപ്രീതിക്കും ഉത്തമമെന്ന് അഭിജ്ഞമതം.

ഗുരുഭക്തിയുടെ മഹാനുഭൂതി, പിതൃഭക്തിയുടെ ഉത്കൃഷ്ട ധന്യത, മാതൃപൂജാനുസരണത്തിന്റെ ഉത്തമ മാതൃക , സഹോദര സ്‌നേഹത്തിന്റെ അനിർവചനീയത, ശിഷ്യസത്തമരോടുള്ള സ്‌നേഹസമ്പൂർണമായ വിധേയത്വം, ആത്മസമർപ്പണപരമായ ബന്ധുത്വം, ഉള്ളഴിഞ്ഞ വാത്സല്യ സംരക്ഷണങ്ങൾ ഇതെല്ലാം രാമായണത്തിലെ അതിബൃഹത്തായ ചിത്രങ്ങളാണ്. വംശവെറിയും, വർഗ- വർണപരമായ പ്രകോപനങ്ങളും അന്തഃസാരരഹിതവും ആത്മനിന്ദാപരവുമായ വിഘടന വീക്ഷണങ്ങളും നടമാടുന്ന ഈ ഭൂമിയിൽ ബോധഹീനന്മാർക്ക് ആത്മബോധമുണരാൻ രാമകഥ എങ്ങനെയൊക്കെ പ്രയോജകീഭവിക്കുന്നു എന്നത് പഠിച്ചറിയേണ്ടതു തന്നെയാണ്.

'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം" എന്ന് നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്ന രാമായണം ലോകത്തെവിടെയും ഏതൊരാൾക്കും ആത്മഗന്ധിയാകാതിരിക്കുന്നത് എങ്ങനെ! ജീവിതത്തിന്റെ ഉൾപ്പിരിവുകൾ, നന്മതിന്മകൾ, വിവേകാവിവേകങ്ങൾ, ജ്ഞാനവൈരാഗ്യ ഭാവങ്ങൾ എന്നിവയെല്ലാം രാമായണം നമ്മെ ഓർമ്മിപ്പിക്കുന്നു.

TAGS: RAMRAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.