ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾക്കായി 2021- 2024 കാലയളവിൽ 295 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. 2025ൽ ഇതുവരെ 67 കോടി രൂപയും ചെലവഴിച്ചു. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രയന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചത്.
ഈവർഷത്തെ ഫ്രാൻസ് യാത്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക ചെലവായത്, 25 കോടി രൂപ. 2023 ജൂണിലെ യു.എസ് യാത്രയാണ് രണ്ടാംസ്ഥാനത്ത്, 22 കോടി. ഈവർഷത്തെ യു.എസ് യാത്രയ്ക്ക് 16 കോടിയും ചെലവായി. 2022 മുതൽ 2024 ഡിസംബർ വരെ 38 രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയിലാണ് 258 കോടിയും ചെലവായത്. വിദേശ സന്ദർശനത്തിന്റെ ഭാഗമായുള്ള പൊതുപരിപാടികളുടെയും പരസ്യങ്ങളുടെയും സംപ്രേഷണത്തിന്റെയും ചെലവുകൾ ഉൾപ്പെടെയുള്ള കണക്കാണ് പുറത്തുവിട്ടത്.
ഈ വർഷം മൗറീഷ്യസ്, സൈപ്രസ്, കാനഡ, ക്രൊയേഷ്യ, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നടത്തിയ യാത്രകളുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ മാലദ്വീപ് സന്ദർശനത്തിലാണ്. 23ന് ഇന്ത്യയിൽ നിന്ന് യാത്രതിരിച്ച അദ്ദേഹം, രണ്ടു ദിവസത്തെ യു.കെ സന്ദർശത്തിനുശേഷം ഇന്നലെയാണ് മാലദ്വീപിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |