SignIn
Kerala Kaumudi Online
Sunday, 27 July 2025 3.37 PM IST

പട്ടം താണുപിള്ള വിടവാങ്ങിയിട്ട് ഇന്ന് 55 വർഷം, ഒരു അപൂർവ സൗഹൃദം സ്മൃതിരേഖയിൽ

Increase Font Size Decrease Font Size Print Page
r

തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയും തിരു- കൊച്ചി മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായി കേരളം ഭൂമിശാസ്ത്രപരമായി ഇന്നത്തെ രൂപത്തിലേക്കു പരിണമിച്ചതിന്റെ മൂന്ന് നിർണായകഘട്ടങ്ങളിലും രാഷ്ട്രീയ നഭോമണ്ഡലത്തിൽ നടുനായകത്വം വഹിച്ച മഹാരഥനാണ് പട്ടം താണുപിള്ള. സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയുടെ ഭാഗമായിരുന്ന അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി) നേതാവായിരുന്നു. കേരളത്തിലെ എല്ലാ ജാതി- മത വിഭാഗങ്ങളിലും സ്വാധീനമുണ്ടായിരിക്കെത്തന്നെ നായർ സമുദായത്തിൽ അദ്ദേഹത്തിന് ഒരു പ്രത്യേക സ്വാധീനവുമുണ്ടായിരുന്നു.

'സമുദായത്തിൽ മന്നവും രാഷ്ട്രീയത്തിൽ പട്ടവും" എന്നൊരു അലിഖിതനിയമം പോലും നായർ സമുദായാംഗങ്ങളിൽ അക്കാലത്ത് നിലനിന്നിരുന്നുവെന്ന് കേട്ടിട്ടുണ്ട്. സമുദായകാര്യങ്ങളിൽ മന്നവും രാഷ്ട്രീയകാര്യങ്ങളിൽ പട്ടവും പറയുന്നതായിരുന്നു അന്ന് സാധാരണ നായർ സമുദായാംഗങ്ങൾക്ക് അവസാനവാക്ക്. അങ്ങനെയുള്ള പട്ടംതാണുപിള്ളയും,​ ഈഴവ സമുദായത്തിൽ പിറന്നു വളർന്ന ഒരു ഉന്നതോദ്യോഗസ്ഥനുമായി ഉണ്ടായിരുന്ന അസാധാരണ സൗഹൃദത്തിന്റെ ബാല്യകാലസ്മരണകൾ ഈ ലേഖകനുണ്ട്. എന്റെ പിതാവ് കെ.ആർ. വിശ്വംഭരൻ ആയിരുന്നു,​ ആ ഉദ്യോഗസ്ഥൻ.

പട്ടം താണുപിള്ളയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. പഴയ കൊച്ചി രാജ്യത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും,​ കൊച്ചി നിയമസഭാംഗവുമൊക്കെയായി പൊതുരംഗത്ത് നിറഞ്ഞുനിൽക്കെയാണ് ഒരു പ്രത്യേക സാഹചര്യത്തിൽ അതൊക്കെ വിട്ട് അദ്ദേഹം സർക്കാർ ഉദ്യോഗം സ്വീകരിച്ചത്. ഉദ്യോഗസ്ഥനെന്ന നിലയിൽ വിശ്വംഭരൻ കൊച്ചി രാജ്യത്തെ അധകൃത വർഗോദ്ധാരകനും,​ തിരു- കൊച്ചിയിലെ പിന്നാക്ക സമുദായ ക്ഷേവകുപ്പ് ഉദ്യോഗസ്ഥനും,​ കേരള രൂപവത്കരണത്തിനു ശേഷം ജില്ലാ മജിസ്‌ട്രേട്ടും മറ്റുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനിടയിലാണ് ക്യാബിനറ്റ് റാങ്കോടെ,​ പട്ടത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായതും അദ്ദേഹത്തിന്റെ പ്രിയങ്കരനും വിശ്വസ്തനുമായി മാറിയതും!

കാര്യങ്ങൾ ആരുടെയും മുഖത്തുനോക്കി പറയുന്നതുകൊണ്ട് വിശ്വംഭരൻ പലരുടെയും ശത്രുത സമ്പാദിച്ചിരുന്നു.

പട്ടം തിരു- കൊച്ചി മുഖ്യമന്ത്രിയായിരിക്കെയുള്ള ഒരു സംഭവം പറയാം. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി പോയാൽ മാത്രമേ എല്ലാ ഫയലുകൾക്കും അംഗീകാരം കിട്ടുമായിരുന്നുള്ളൂ. മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിദ്ധ്യം ഉറപ്പിച്ച ശക്തനായ ഒരു മന്ത്രിയുണ്ടായിരുന്നു. ആ സമയത്ത് കേന്ദ്ര സർക്കാരിൽ നിന്നാണെന്നു തോന്നുന്നു, സംവരണം സംബന്ധിച്ച ഒരുഫയൽ മന്ത്രിക്കു മുന്നിലെത്തി. ആ ഫയലിൽ 'കേരളത്തിലെ പരിവർത്തിത ക്രൈസ്തവർക്കുകൂടി ഇത് ബാധകമാക്കേണ്ടതാണ്" എന്നൊരു കുറിപ്പ് മന്ത്രി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ പി.എസ് എന്ന നിലയിൽ ഫയൽ കെ.ആർ. വിശ്വംഭരന്റെ മേശപ്പുറത്തുവന്നു. അദ്ദേഹം അത്,​ 'എല്ലാ ക്രൈസ്തവരും പരിവർത്തനം ചെയ്യപ്പെട്ടവരാണ്. അപ്പോൾ ആർക്കാണ് ഇതു പ്രകാരമുള്ള ആനൂകൂല്യങ്ങൾ നൽകേണ്ടത്?" എന്ന ചോദ്യവുമായി തിരിച്ചയച്ചു.

രോഷാകുലനായ മന്ത്രി,​ ഫയലുമായി നേരിട്ട് പട്ടത്തിന്റെ അടുക്കലേക്കു ചെന്ന് ചോദിച്ചു: 'വിശ്വംഭരൻ എന്താണ് ഈ എഴുതിവച്ചിരിക്കുന്നത്?" പട്ടം അതു വാങ്ങി വായിച്ചു. അഭിഭാഷകനായിരുന്ന പട്ടത്തിന്,​ നിയമപരമായ പ്രശ്നങ്ങൾ അന്തർഭവിച്ചിട്ടുള്ളതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും നിയമയുദ്ധത്തിനും ഇടയാക്കിയേക്കാവുന്നതുമായ പ്രശ്നമാണ് അതെന്നു മനസിലായി. അദ്ദേഹം മന്ത്രിയോടു ചോദിച്ചു: 'വിശ്വംഭരൻ എഴുതിയിരിക്കുന്നതിൽ എന്താണ് തെറ്റ്? ഇന്ത്യയാകെയെടുത്താലും ക്രൈസ്തവർ ഇവിടെത്തന്നെ ഉണ്ടായിവന്നവരല്ലല്ലോ. എല്ലാവരും ആ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരല്ലേ? അപ്പോൾ അദ്ദേഹത്തിന്റെ ചോദ്യം ന്യായമല്ലേ?""തുടർന്ന്,​ പരിവർത്തിത ക്രൈസ്തവർക്കുള്ള ആനുകൂല്യങ്ങൾ ഏതൊക്ക വിഭാഗങ്ങൾക്ക് നൽകണമെന്ന കാര്യത്തിൽ കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങൾ ഉരുത്തിരിയുകയും ചെയ്തു.

വിശ്വംഭരന്റെ ധൈര്യവും കാര്യക്ഷമതയും ഇഷ്ടമായിരുന്ന പട്ടം താണുപിള്ള,​ അദ്ദേഹത്തെ രാഷ്ട്രീയരംഗത്തേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയും,​ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. പൊതുരംഗത്തേക്ക് ഒരു തിരിച്ചുവരവ് അദ്ദേഹത്തിന്റെ മനസിൽ ഉണ്ടായിരുന്നുതാനും. അതിനാൽ അദ്ദേഹം സമ്മതം മൂളി. ജന്മദേശവും പഴയ പ്രവർത്തന കേന്ദ്രവും ഉൾപ്പെടുന്ന ഒല്ലൂർ നിയമസഭാ സീറ്റിലേക്ക് പി.എസ്.പി സ്ഥാനാർത്ഥിത്വമാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത്. വലിയൊരു ഉദ്യോഗസ്ഥാൻ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത് അന്ന് വലിയ വാർത്തയായിരുന്നു. വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് ഒല്ലൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വിശ്വംഭരന്റെ പേരില്ല എന്നു മനസിലാകുന്നത്! ഈ സാങ്കേതികപ്രശ്നം പൊതുരംഗത്തേക്കുള്ള തിരിച്ചുവരവിന് തടസമായി.


പട്ടം താണുപിള്ളയും ഭാര്യയും ഞങ്ങളുടെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചതിന്റെ മങ്ങിയ ഓർമ എന്റെ മനസിലുണ്ട്. അക്കാലത്ത് 'കേരളകൗമുദി"യിൽ ലേഖനങ്ങൾ എഴുതാറുണ്ടായിരുന്ന കെ.ആർ. വിശ്വംഭരന് പത്രാധിപർ കെ. സുകുമാരനുമായി നല്ല അടുപ്പമായിരുന്നു. സംവരണത്തെയും പിന്നാക്കക്കാരുടെ പ്രശ്നങ്ങളെയും കുറിച്ചായായിരുന്നു പ്രധാനമായും ആ ലേഖനങ്ങൾ. 1963 മാർച്ച് 10-ന് വിശ്വംഭരൻ ഹൃദയാഘാതംമൂലം അന്തരിച്ചു. അന്ന് പട്ടം പഞ്ചാബ് ഗവർണറാണ്. അദ്ദേഹം അവിടെനിന്ന് ഒരു അനുശോചന സന്ദേശം അയച്ചു. അതിൽ അദ്ദേഹം എഴുതി: 'വിശ്വംഭരന്റെ ചരമവാർത്ത എന്നെ വല്ലാതെ ഞെട്ടിച്ചു. പ്രാപ്തനും സത്യസന്ധനും വിശ്വസ്തനുമയ ഒരുദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വിശ്വംഭരന്റെ നിര്യാണം കേരളത്തിനൊരു വമ്പിച്ച നഷ്ടമാണ്."


1885 ജൂലൈ 15-ന് തിരുവനന്തപുരത്ത് പട്ടത്താണ് താണുപിള്ള ജനിച്ചത്. തിരുവനന്തപുരം മഹാരാജാസ് സ്‌കൂളിലും കോളേജിലും പഠിച്ചു. ബിരുദം നേടിയശേഷം ക്ലർക്കായും പിന്നെ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. നിയമ ബിരുദം നേടി അഭിഭാഷകനായി. 1928- ൽ തിരുവിതാംകൂർനിയമസഭാംഗമായി. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. 1938-ൽ ഉത്തരവാദ പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തതിലൂടെയാണ് പട്ടത്തിന്റെ നേതൃത്വം അനിഷേദ്ധ്യമാകുന്നത്. പട്ടംതാണുപിള്ളയും സി. കേശവനും ടി.എം. വർഗീസും ആയിരുന്നു ആ പ്രക്ഷോഭത്തിന്റെ ത്രിമൂർത്തികൾ. 1938 ആഗസ്റ്റ് 26-ന് ശംഖുംമുഖം കടപ്പുറത്ത്,​ നിരോധനം ലംഘിച്ച് നിയമലംഘന സമരം ഉദ്ഘാടനം ചെയ്ത പട്ടം അറസ്റ്റിലായി. ഒരു വർഷം തടവായിരുന്നു ശിക്ഷയെങ്കിലും തിരുവിതാംകൂർ ഭരണകൂടം പൊതുമാപ്പു നൽകി. പിന്നീടായിരുന്നു,​

പിന്നീടായിരുന്നു പി.എസ്.പിയിലേക്കുള്ള രംഗപ്രവേശവും 54-ലെ തിരു- കൊച്ചി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും. കമ്യൂണിസ്റ്റ് മന്ത്രിസഭ വരുന്നതു തടയാൻ കോൺഗ്രസ് പി.എസ്.പി.ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതോടെ പട്ടം തിരു- കൊച്ചി മുഖ്യമന്ത്രിയായി. വിമോചന സമരത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ 'മുക്കൂട്ടുമുന്നണി" (കോൺഗ്രസ്- ലീഗ്- പി.എസ്.പി)​ എന്നു വിളിക്കപ്പെട്ട മുന്നണിയുടെ ഭാഗമായാണ് പി.എസ്.പി. മൽസരിച്ചത്. പി.എസ്.പി.ക്ക് മുഖ്യമന്ത്രിപദം നൽകണമെന്ന് നേരത്തേ ധാരണയായിരുന്നെങ്കിലും തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ,​ തങ്ങൾക്കുള്ളതിന്റെ പകുതിയിൽ താഴെ സീറ്റു മാത്രമുള്ള പി.എസ്.പി.ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാൻ കോൺഗ്രസിനു മടി. മുഖ്യമന്ത്രിസ്ഥാനം അനിശ്ചിതത്വത്തിലായതോടെ ഒടുവിൽ പട്ടത്തെ മുഖ്യമന്ത്രിയും ആർ. ശങ്കറെ ഉപമുഖ്യമന്ത്രിയുമാക്കിയാണ് പ്രശ്നം പരിഹരിച്ചത്.

അതിനിടെ പട്ടത്തിനെതിരെ അദ്ദേഹത്തിന്റെ പാർട്ടിയിൽത്തന്നെ സി.ജി. ജനാർദനന്റെയും മറ്റും നേതൃത്വത്തിൽ ഗ്രൂപ്പുണ്ടായി. അവർ വിമത പാർട്ടിയുണ്ടാക്കി. കോൺഗ്രസുമായുള്ള ബന്ധവും വഷളായി. ഒത്തുതീർപ്പുണ്ടാക്കാൻ ലാൽബഹദൂർ ശാസ്ത്രി ഡൽഹിയിൽ നിന്നെത്തി. അങ്ങനെ,​ പട്ടത്തെ പഞ്ചാബ് ഗവർണറാക്കാൻ ധാരണയായി. 1962 സെപ്തംബർ 25-ന് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 26-ന് ആർ. ശങ്കർ കേരള മുഖ്യമന്ത്രിയായി. 1964 വരെ പട്ടം പഞ്ചാബ് ഗവർണറായിരുന്നു. തുടർന്ന് ആന്ധ്രാ ഗവർണറായി. രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന് നയപ്രഖ്യാപനപ്രസംഗം നടത്താൻ നിയമസഭയിലെത്താൻ കഴിയാത്ത അവസ്ഥ പോലുമുണ്ടായി. 1967 മാർച്ച് 20-ന് അദ്ദേഹത്തിന്റെ അഭാവത്തിൽ സ്പീക്കർ ബി.വി. സുബ്ബറെഡ്ഡിയാണ് നയപ്രഖ്യാപനപ്രസംഗം വായിച്ചത്. രാഷ്ട്രപതിയോ ഗവർണറോ ഇല്ലാതെ സഭയിൽ നയപ്രഖ്യാപനം വായിക്കുന്ന ആദ്യവ്യക്തിയായി സുബ്ബറെഡ്ഡി ചരിത്രത്തിൽ ഇടംപിടിച്ചു! അക്കൊല്ലം പട്ടം ഗവർണർപദവി ഒഴിഞ്ഞ് വിശ്രമജീവിത്തിലേക്കു പ്രവേശിച്ച പട്ടം താണുപിള്ള 1970 ജൂലായ് 27ന് അന്തരിച്ചു.

(സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ മുൻ വൈസ് ചെയർമാനാണ് ലേഖകൻ)

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.