റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. പുഴയിലും ആറ്റിലും തോട്ടിലുമൊക്കെ ജലമുയരുന്ന വർഷകാലത്താണ് ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങൾ സംഭവിക്കുന്നത്. കടലിൽ അപകടകരമായ സ്ഥലങ്ങളിൽ കുളിക്കാനിറങ്ങുന്നവരും മറ്റും വേനൽക്കാലത്തും മുങ്ങിമരിക്കാറുണ്ട്.
കഴിഞ്ഞ ദിവസം വെള്ളച്ചാട്ടത്തിലും കുളത്തിലും പുഴയിലുമായി ഉണ്ടായ അപകടങ്ങളിൽ നാല് ജില്ലകളിലായി നാലുപേരാണ് മുങ്ങിമരിച്ചത്. നെയ്യാർഡാമിൽ കുളിക്കാനെത്തിയ നാലംഗ സംഘത്തിലെ രണ്ടുപേരാണ് മുങ്ങിമരിച്ചത്. രാത്രിയിലായിരുന്നതിനാൽ രക്ഷാസംഘങ്ങൾക്ക് തിരച്ചിൽ നടത്താനായില്ല. അഗ്നിരക്ഷാസേന രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാട്ടായിക്കോണം ശാസ്‌തവട്ടം സ്വദേശിയായ പ്ളസ് ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങിയാണ് മരിച്ചത്. ഇടുക്കിയിൽ പുഴയിലും, മലപ്പുറത്ത് വെള്ളച്ചാട്ടത്തിലുമാണ് മറ്റു രണ്ടുപേർ മരിച്ചത്.
തിരുവനന്തപുരം ജില്ലയിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും ജില്ലാ ഭരണകൂടവും സംയുക്തമായ പ്രവർത്തനങ്ങൾ തുടരുകയാണ്. 2019 മുതൽ 2025 വരെ കുട്ടികളും വിദേശികളും ഉൾപ്പെടെ ജില്ലയിൽ മാത്രം 352 പേർ മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് അഗ്നിശമനസേന നൽകുന്ന കണക്ക്. ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചാൽത്തന്നെ ഭൂരിപക്ഷം മുങ്ങിമരണങ്ങളും ഒഴിവാക്കാനാകുന്നതാണ്. ജില്ലയിൽ ജീവനെടുക്കുന്ന 16 കടവുകൾ ഉണ്ടെന്നാണ് അഗ്നിരക്ഷാസേന നൽകുന്ന മുന്നറിയിപ്പ്. കല്ലാർ, കൊല്ലമ്പുഴ, അരുവിപ്പുറം, മങ്കയം, ചെല്ലഞ്ചി, പാലോട്, അരുവിക്കര ഡാം, വട്ടിയൂർക്കാവ് തമ്പുരാൻ ക്ഷേത്രക്കടവ്, നെയ്യാർ ജലാശയം, മൂന്നാറ്റുമുക്ക്, ആനന്ദേശ്വരം, പൂവൻപാറ, കുണ്ടമൺ കടവ്, കൂവക്കുടി പാലം, പൊഴിക്കര എന്നീ കടവുകൾ അപകട മേഖലകളാണ്.
എല്ലാ ജില്ലകളിലും ഇത്തരം അപകട മേഖലകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, അവിടങ്ങളിൽ മുങ്ങിമരിച്ചിട്ടുള്ളവരുടെ എണ്ണം സഹിതം ജില്ലാ ഭരണകൂടങ്ങൾ നൽകേണ്ടതാണ്. ജലാശയങ്ങളെക്കുറിച്ച് മുന്നറിവില്ലാത്ത ദൂരസ്ഥലങ്ങളിൽ നിന്നു വരുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. ഒരിടക്കാലത്ത് മുങ്ങിമരണങ്ങൾ വർദ്ധിച്ചപ്പോൾ എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നതാണെങ്കിലും അത് ഫലപ്രദമായ രീതിയിൽ മുന്നോട്ടുപോയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമെ, തദ്ദേശ സ്ഥാപനങ്ങളും പ്രാദേശിക സ്പോർട്സ് ക്ളബുകളുമൊക്കെ മുൻകൈയെടുത്ത് നീന്തൽ പരിശീലനം ഊർജ്ജിതമാക്കാൻ നടപടികൾ എടുക്കേണ്ടതാണ്. മദ്യപിച്ച് ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന ബോധവത്‌കരണവും നൽകേണ്ടതുണ്ട്.
അപകടമേഖലയിൽ ലൈഫ് ഗാർഡുകളെ നിയോഗിച്ചാൽത്തന്നെ ഭൂരിപക്ഷം മുങ്ങിമരണങ്ങളും ഒഴിവാക്കാനാകും. ചില ജലാശയങ്ങൾ പുറമെ ശാന്തമായി കാണപ്പെടുമെങ്കിലും അടിത്തട്ടിൽ ചെളി നിറഞ്ഞ അപകടക്കെണികൾ ഉണ്ടായിരിക്കും. പഴയ കാലത്ത് കാശിക്കു പോകുന്നവർക്ക് പൂർവികർ രണ്ട് ഉപദേശങ്ങൾ നൽകുമെന്ന് കേട്ടിട്ടുണ്ട്-അപരിചിതരുമായി അതിരുവിട്ട ബന്ധം സ്ഥാപിക്കരുത്, അപരിചിതമായ ജലാശയങ്ങളിൽ ഇറങ്ങരുത്! അപരിചിതമായ ജലാശയങ്ങളുടെ കൂടെപ്പിറപ്പാണ് അപകടവും. അതിനാൽ ഇക്കാര്യത്തിൽ നമ്മുടെ കുട്ടികളും യുവാക്കളുമൊക്കെ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിലൂടെയും മറ്റും ഇതു സംബന്ധിച്ച മുന്നറിയിപ്പുകളും ബോധവത്‌കരണ പ്രചാരണവും ശക്തമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. ഒരു സമഗ്ര ജലസുരക്ഷാ പദ്ധതിക്കു തന്നെ സർക്കാർ രൂപം നൽകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |