അയോദ്ധ്യാപുരിയുടെ അതിർത്തി കാക്കുന്ന ഭൂഭാഗമായ നന്ദിഗ്രാമിൽ, പണ്ട് ശിലാദൻ എന്ന രാജർഷി പുത്രലബ്ദ്ധിക്കായി പരമശിവനെ തപസുചെയ്തു. ശിവപ്രീതിയിൽ ശിലാദനു കൈവന്നത് മൂന്നുകണ്ണുകളും നാലു കൈകളും ജടയും മകുടവുമുള്ള കുഞ്ഞിനെയായിരുന്നു. ആ കുഞ്ഞിന് ശിലാദൻ, നന്ദി എന്നു പേരിട്ടു. നന്ദിയെ ശിലാദൻ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ നന്ദിയുടെ മൂന്നാംകണ്ണ് അപ്രത്യക്ഷമായി. നാലു കൈകളിൽ രണ്ടെണ്ണം കൊഴിഞ്ഞുവീണു. ആ നിമിഷം ഒരു അശരീരി കേട്ടു: 'ഇവൻ ശ്രീപരമേശ്വരന്റെ പ്രിയങ്കരനാവും. എപ്പോൾ വേണമെങ്കിലും ഇഷ്ടരൂപം ധരിക്കാനാവും!"
'നന്ദി" പിൽക്കാലത്ത് നന്ദികേശ്വരനായി. ശിവപാർഷദനായി നന്ദികേശ്വരൻ ജന്മംകൊണ്ട തീർത്ഥസ്ഥാനമാണ് നന്ദിഗ്രാമം. ശ്രീരാമചന്ദ്രന്റെ വനവാസ കാലമായ പതിനാലുവർഷം ഭരതകുമാരൻ ഈ നന്ദിഗ്രാമത്തിലാണ് വസിച്ചത്. 'അഗ്രജനെയുംകൊണ്ടേ ഞാൻ ഇനി അയോദ്ധ്യയിലെത്തൂ" എന്ന് ശപഥംചെയ്താണ് ഭരതൻ, രാമനെക്കാണാൻ പോയത്. രാമനാകട്ടെ, തനിക്ക് ഉടനെ അയോദ്ധ്യയിലേക്ക് തിരികെവരാൻ കഴിയുകയില്ലെന്ന് അറിയിച്ചപ്പോൾ, തനിക്കും അയോദ്ധ്യയിലേക്ക് തിരിച്ചുപോകാനാവില്ലെന്ന് ഭരതൻ പറഞ്ഞു. ആ ഉൽക്കടമായ സഹോദര സ്‌നേഹത്തിന്റെ പ്രതിസന്ധി ഘട്ടത്തിലാണ് ജ്യേഷ്ഠന്റെ പാദുകങ്ങളും ശിരസിലേറ്റി നന്ദിഗ്രാമിൽ സംന്യാസിയെപ്പോലെ താമസിച്ച് ഭരതൻ അയോദ്ധ്യാധിപനല്ലാത്ത ഭരണാധികാരിയായത്.
ഏതുകാലത്തും അഭംഗുരമായി നിൽക്കുന്ന ശാശ്വതസത്യങ്ങളും വിലമതിക്കാനാവാത്ത മൂല്യങ്ങളുമാണ് രാമായണത്തിന്റെ അന്തഃചോദന. ലോകത്തിന്റെ കഥാസൗന്ദര്യമാണ് രാമായണം. രാമായണത്തിന്റെ സൗന്ദര്യമെന്നത് രാമന്റെ സൗന്ദര്യമാണ്, സീതയുടെ സൗന്ദര്യമാണ്, ഓരോ മനുഷ്യന്റെയും ആത്മസൗന്ദര്യമാണ്. ഈ ലോകത്തിലെ തന്നെ കഥാഗതിയുടെ സൗന്ദര്യമാണത്. ജീവിതം ഭൗതികമായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സംഘർഷഭരിതമാണെന്ന് ഓർമ്മിപ്പിക്കുമ്പോഴും, ഭൗതികമായ അപചയങ്ങളിൽ വീഴാതെ ത്യാഗമോഹനമായ കർമ്മംകൊണ്ടും ആത്മപരിശോധനകൊണ്ടും അനുഗ്രഹപൂർണമാക്കാമെന്ന് രാമകഥ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ദശാസന്ധികളെ ആലേഖനം ചെയ്യുന്ന ആത്മഗന്ധിയായ 'രാമായണം" ഹൃദയബദ്ധമായി വായിക്കുന്നവർ മനസിൽ ഒന്നുചിന്തിക്കും: ഇവിടം ഒരു രാമരാജ്യമായെങ്കിൽ!
ശ്രീരാമനെപ്പോലൊരു പുത്രൻ, വസിഷ്ഠനെപ്പോലൊരു ഗുരു, ദശരഥനെപ്പോലൊരു പിതാവ്, കൗസല്യയെപ്പോലൊരു മാതാവ്, ഭരതലക്ഷ്മണന്മാരെപ്പോലുള്ള സഹോദരന്മാർ, ആഞ്ജനേയനെപ്പോലൊരു ഭക്തകേസരി... ഈ രാജ്യം ഇവരെല്ലാമുള്ള ദേവഭൂമിയായെങ്കിൽ! മഹാവിഷ്ണു രാമനായും, വേദം രാമായണമായും അവതരിച്ച്, രാമനെ പ്രകീർത്തിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നു. നിരന്തരം വേദമന്ത്രങ്ങൾ ഉരുവിടുന്നതിന്റെ ഫലംതന്നെ ശ്രദ്ധായുക്തരായി രാമായണം പാരായണം ചെയ്യുന്നതിലൂടെയും ലഭിക്കുമെന്നാണ് സങ്കല്പം. രാമകഥ സമൂഹനന്മയ്ക്കായി രൂപംകൊണ്ട ബൃഹദ് കാവ്യരസാമൃതമാണ്.
സുരാസുരന്മാരും, നരരൂപം പൂണ്ട നാരായണനും മാത്രമല്ല, പക്ഷിമൃഗ സഞ്ചയങ്ങളും വൃക്ഷലതാദികളും, എത്രയോ തിര്യഗ്ജാതികളും രാമ- രാവണ യുദ്ധത്തിന്റെ ഭാഗമാണ്. ജടായുവും സമ്പാതിയും മുതൽ സേതുബന്ധനത്തിനു തന്നാൽക്കഴിയുന്നതു ചെയ്യാൻ ഒരുങ്ങിപ്പുറപ്പെട്ട അണ്ണാൻകുഞ്ഞുവരെ ആരും ഒന്നിലും നിഷേദ്ധ്യരല്ലെന്നും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഈ പ്രപഞ്ചത്തിൽ കാണുന്ന സമസ്തവും സർവപ്രകാരേണ അനിഷേദ്ധ്യരാണെന്നും യുക്തിസഹമായി ചിന്തിക്കത്തക്ക വിധം രാമായണം പറഞ്ഞുവയ്ക്കുന്നു. ഭക്തിയുടെയും യുക്തിയുടെയും ഭൗതികതയുടെയും എന്നപോലെ, വിശ്വാസ്യതയുടെയും വിശ്വാസരാഹിത്യത്തിന്റെയും സമർപ്പണത്തിന്റെയും സഹജഭാവത്തിന്റെയും കഥയും, ജീവിതഗതിയുമാണ് രാമായണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |