ചെന്നൈ: ശശീരസൗന്ദര്യത്തിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർത്ഥി ശ്വാസതടസം നേരിട്ട് മരിച്ചു. കുളച്ചൽ സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വരനാണ് (17) മരിച്ചത്. പ്ലസ്ടു കഴിഞ്ഞ് തിരുച്ചിറപ്പള്ളിയിലെ കോളേജിൽ ചേരാനിരിക്കുകയായിരുന്നു ശക്തീശ്വരൻ. കോളേജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് കുട്ടി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തോളം കുട്ടി മറ്റ് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ജ്യൂസ് മാത്രമാണ് കുടിച്ചിരുന്നത്.
ദിവസങ്ങൾക്കു മുൻപാണ് ശക്തീശ്വരന്റെ ആരോഗ്യാവസ്ഥ മോശമായത്. കഴിഞ്ഞ ദിവസം കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തണുത്ത ജ്യൂസ് പതിവായി കഴിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുൻപ് കുട്ടി ആരോഗ്യവിദഗ്ദരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കുട്ടിയുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.
കേരളത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ശരീരഭാരം കുറയ്ക്കാനായി അമിതമായി ഭക്ഷണം നിയന്ത്രിച്ച പെൺകുട്ടിക്കും ജീവൻ നഷ്ടമായിരുന്നു. കൂത്തുപറമ്പ് സ്വദേശിനിയായ ശ്രീനന്ദയാണ് മരിച്ചത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ശരീരഭാരം കൂടുമെന്ന ഭയം കൊണ്ട് ശ്രീനന്ദ അമിതമായി ഭക്ഷണം നിയന്ത്രിക്കുകയും കഠിന വ്യായാമങ്ങളും ചെയ്തിരുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കണ്ട ചില വീഡിയോകളുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടി ഇത്തരത്തിൽ ചെയ്തത്. അധികം വൈകാതെ തന്നെ ശ്രീനന്ദയുടെ ആരോഗ്യനില മോശമാകുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |