ടെൽ അവീവ്: ഗാസയിലെ മൂന്ന് മേഖലകളിൽ ദിവസവും പത്ത് മണിക്കൂർ സൈനിക നടപടി താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് ഇസ്രയേൽ. ഗാസയിൽ പട്ടിണി മരണങ്ങൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഗാസയിലേക്ക് പുതിയ സഹായ ഇടനാഴികൾ അനുവദിക്കുമെന്നും ഇസ്രയേൽ പറഞ്ഞു.
അതേസമയം, ആക്രമണങ്ങൾ താത്കാലികമായി നിറുത്തിവയ്ക്കുന്നതിന്റെ അർത്ഥം വെടിനിറുത്തൽ അല്ലെന്നും, സാധാരണക്കാർക്ക് സഹായമെത്തിക്കാൻ സൈനിക നടപടികൾക്ക് നൽകുന്ന തന്ത്രപരമായ ഇടവേളയാണെന്നും ഇസ്രയേൽ വ്യക്തമാക്കി. മുമ്പും ഇത്തരം ഇടവേളകൾ ഇസ്രയേൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും അവ ലംഘിച്ച് ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
ഇസ്രയേലിന്റെ ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ യു.എന്നിന്റേത് അടക്കം സഹായ ഏജൻസികൾ തയ്യാറാണ്. 1,200 മെട്രിക് ടൺ ഭക്ഷണവുമായി ഈജിപ്ഷ്യൻ റെഡ് ക്രെസന്റിന്റെ 100ലേറെ ട്രക്കുകൾ കരീം ഷാലോം അതിർത്തി വഴി ഉടൻ തെക്കൻ ഗാസയിലെത്തും. ജോർദ്ദാന്റെ 60 ഭക്ഷണ ട്രക്കുകളും ഗാസയിലേക്ക് പ്രവേശിക്കും.
87 കുട്ടികൾ അടക്കം 133 പേരാണ് ഗാസയിൽ പട്ടിണി മൂലം മരിച്ചത്. ഗാസയിലെ മാനുഷിക സാഹചര്യം വഷളായതോടെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നടക്കം ഇസ്രയേൽ വിമർശനം നേരിട്ടിരുന്നു. അതേ സമയം, ഇന്നലെ മദ്ധ്യഗാസയിൽ സഹായ ട്രക്കുകൾ കാത്തുനിന്ന 17 പാലസ്തീനികൾ ഇസ്രയേലി വെടിവയ്പിൽ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 59,820 കടന്നു. ഖത്തറിലെ ദോഹയിൽ നടന്ന ഹമാസ്-ഇസ്രയേൽ പരോക്ഷ ചർച്ചകൾ പരാജയപ്പെട്ടതോടെ ഗാസയിലെ വെടിനിറുത്തൽ സാദ്ധ്യത വീണ്ടും വിദൂരമായി.
# പ്രഖ്യാപനങ്ങൾ
അൽ-മവാസി, ദെയ്ർ അൽ-ബലാഹ്, ഗാസ സിറ്റി മേഖലകളിൽ രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണം നിറുത്തിവയ്ക്കും. ഇന്നലെ പ്രാബല്യത്തിൽ വന്നു
ഭക്ഷണവും മരുന്നും വഹിക്കുന്ന വാഹനവ്യൂഹങ്ങളെ രാവിലെ 6 മുതൽ രാത്രി 11 വരെ നിശ്ചിത റൂട്ടുകളിലൂടെ സുരക്ഷിതമായി കടത്തിവിടും
ഈജിപ്റ്റിൽ നിന്ന് അൽ-മവാസി മേഖലയിലേക്കുള്ള പുതിയ ശുദ്ധജല പൈപ്പ് ലൈനിന്റെ നിർമ്മാണം വരും ആഴ്ചകളിൽ തുടങ്ങും
ഗാസയിലേക്ക് കൂടുതൽ സഹായ ട്രക്കുകൾ കടത്തിവിടും
# എയർഡ്രോപ്പ് തുടങ്ങി
ഗാസയിലേക്ക് ഇസ്രയേലിന്റെ അനുമതിയോടെ വിദേശരാജ്യങ്ങൾ ഭക്ഷണം അടക്കം സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്തു തുടങ്ങി. ജോർദ്ദാനും യു.എ.ഇയും സൈനിക വിമാനങ്ങളിൽ നിന്ന് പാരഷൂട്ടിന്റെ സഹായത്തോടെ 25 ടൺ പാക്കറ്റുകൾ ഇന്നലെ ഗാസയിലേക്ക് എയർഡ്രോപ്പ് ചെയ്തു. ഇസ്രയേൽ ശനിയാഴ്ച രാത്രി എയർഡ്രോപ്പ് തുടങ്ങി. ധാന്യമാവ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയടങ്ങിയ ഏഴ് സഹായ പാക്കേജുകളാണ് ഇസ്രയേൽ എയർഡ്രോപ്പ് ചെയ്തത്. കൂടുതൽ രാജ്യങ്ങൾ എയർഡ്രോപ്പിന്റെ ഭാഗമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |