വാഷിംഗ്ടൺ: യു.എസിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പ്രാദേശിക സമയം, ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മയാമിയിലേക്ക് പുറപ്പെടാനൊരുങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനത്തിലായിരുന്നു സംഭവം.
വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും 6 ജീവനക്കാരെയും എമർജൻസി സ്ലൈഡുകൾ വഴി ഉടൻ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. 6 പേർക്ക് നിസാര പരിക്കുണ്ട്. പരിഭ്രാന്തരായ യാത്രക്കാർ ബാഗുകൾ കൈയ്യിലെടുത്ത് റൺവേയിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഒരു മണിക്കൂറോളം നിറുത്തിവച്ചു. 90 ഓളം ഫ്ലൈറ്റുകളെ ഇതുബാധിച്ചെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മയാമിയിൽ എത്തിച്ചു. ലാൻഡിംഗ് ഗിയറിലുണ്ടായ സാങ്കേതിക തകരാറാണ് തീപിടിത്തത്തിൽ കലാശിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |