തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് സുരക്ഷാവീഴ്ചകൾക്ക് സാഹചര്യം ഒരുക്കുന്നതെന്ന് സൂചന. കണ്ണൂർ, വിയ്യുർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ സ്ഥിതി പരിതാപകരമാണ്. 2022ൽ പ്രവർത്തനം തുടങ്ങിയ തവനൂരിലെ സെൻട്രൽ ജയിലാണ് അല്പമെങ്കിലും ഭേദം.
16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട അവസ്ഥയാണ്.
ഇ ഓഫീസ് ജോലികൾ,വീഡിയോ കോൺഫറൻസിംഗ്, മിനിസ്റ്റീരിയൽ ജോലികൾ,
മാനുഫാക്ചറിംഗ് യൂണിറ്റിലെ ജോലികൾ,കോടതി യാത്ര എന്നിവയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ സുരക്ഷ,നിരീക്ഷണ ഡ്യൂട്ടിക്ക് ആളില്ലാതാകും.
കണ്ണൂരിൽ ഗോവിന്ദച്ചാമിക്ക് ജയിൽചാടാനുള്ള എല്ലാ സാഹചര്യവും നിലനിന്നിരുന്നു. 24 മണിക്കൂറും നിരീക്ഷിക്കേണ്ട സി.സി.ടി.വി നോക്കാൻ ആളുണ്ടായിരുന്നില്ല. സെല്ലിന് അകത്തു കയറിയുള്ള പരിശോധനയും കൃത്യമായി നടന്നിരുന്നില്ല. പ്രശ്നക്കാരെ നിരന്തരം നിരീക്ഷിക്കാൻ റോന്തുചുറ്റുന്നവർ 10 മണിക്കൂറിലേറെ തുടരേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഇടയ്ക്ക് വിശ്രമിക്കുമായിരുന്നു.
കേരളത്തിലെ ജയിലുകളിൽ 7367 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. നിലവിൽ 10,375 പേരുണ്ട്.
മുന്നു ഷിഫ്ടിലാണ് ജോലി. സെൻട്രൽ ജയിലുകളിൽ തടവുകാർക്ക് ആനുപാതികമായി 5,187 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ വേണം. 1284 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരാണുള്ളത്.
പാർപ്പിടശേഷി അനുസരിച്ചാണ് തസ്തിക നിർണയം. അതുപ്രകാരം തന്നെ 50 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 447 ഡെപ്യൂട്ടി പ്രിസൺ ഓഫീസർ തസ്തികകളാണ് നിലവിലുള്ളത്.
ഇലക്ട്രിക്ക് ഫെൻസിംഗ്
പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ടു വർഷമായി ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കുന്നില്ല.ടെൻഡർ എടുക്കാൻ ആളില്ലെന്നാണ് വിശദീകരണം. കണ്ണൂർ,വിയ്യൂർ ഉൾപ്പെയുള്ളവയുടെ സ്ഥിതിയും ഇതു തന്നെ.വിയ്യൂർ അതിസുരക്ഷ ജയിലിൽ അടുത്ത കാലത്താണ് പ്രവർത്തനക്ഷമമാക്കിയത്.
തടവുകാരും ജീവനക്കാരും
പൂജപ്പുര ജയിൽ
തടവുകാർ 1650
പാർപ്പിക്കാൻ കഴിയുന്ന തടവുകാർ 727
അസിസ്റ്റന്റ് പ്രിസൺ ഓഫീസമാർ 167
ഡെപ്യൂട്ടി പ്രിസൺ ഓഫീസർ 56
ഒരു ഷിഫ്ടിൽ സുരക്ഷയ്ക്ക് 10 പേരിൽ താഴെ മാത്രം
വിയ്യൂർ അതിസുരക്ഷ ജയിൽ
പാർപ്പിക്കാൻ കഴിയുന്നത് 600
തടവുകാർ 300
(ഇവിടേക്കാണ് ഗോവിന്ദച്ചാമിയെ കൊണ്ടുവന്നത്)
അസിസന്റ് പ്രിസൺ ഓഫീസമാർ 31
ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർ 8
കണ്ണൂർ സെൻട്രൽ
പാർപ്പിക്കാൻ കഴിയുന്നത് 948
തടവുകാർ 1118
അസിസന്റ് പ്രിസൺ ഓഫീസർമാർ 150
ഡെപ്യൂട്ടി പ്രിസൺ ഓഫീസർ 43
ഒരു ഷിഫ്ടിൽ സുരക്ഷയ്ക്ക് 10 പേരിൽ താഴെ മാത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |