ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പൊലീസിനെ സമ്മർദ്ദത്തിലാക്കിയാണെന്ന് ഭിലായിലെ കാത്തലിക് ചർച്ച് വൈദികൻ സാബു ജോസഫ്. സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയാണ് അദ്ദേഹം. സംഭവസമയം വലിയൊരുകൂട്ടം ബജ്‌റംഗ്‌ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷന് പുറത്ത് എത്തിയിരുന്നു. പൊലീസുകാരുടെ മുന്നിൽവച്ച് ബജ്‌റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളെ ഉപദ്രവിച്ചതായും പുരോഹിതൻ വെളിപ്പെടുത്തി.
'കന്യാസ്‌ത്രീകളെ അവർ ഒരുപാട് ഭയപ്പെടുത്തി. വാക്കാൽ അപമാനിച്ചു, തല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവരുടെ ബാഗിലുണ്ടായിരുന്ന ബൈബിൾ അടക്കമുള്ള വസ്തുക്കൾ പുറത്തേക്കെറിഞ്ഞു. പൊലീസുകാരെ സമ്മർദ്ദത്തിലാക്കിയാണ് കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചത്. ജ്യോതി ശർമ്മ എന്ന സ്ത്രീയാണ് കന്യാസ്ത്രീകളെ കൂടുതൽ അപമാനിച്ചത്. ക്രിസ്‌ത്യാനികൾ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയാൽപ്പോലും മതപരിവർത്തനം ആരോപിച്ച് ആക്രമിക്കുകയാണ് ചെയ്യുന്നത്. പൊലീസുകാർ ഇവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നു'- സാബു ജോസഫ് പറഞ്ഞു.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്‌ച അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു.
നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഇവർ ഇപ്പോൾ ദുർഗിലെ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |