കായികരംഗത്ത് ഇന്ത്യയെ ലോകശക്തിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് അവകാശപ്പെട്ട് കേന്ദ്രസർക്കാർ പുതിയ സ്പോർട്സ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനു ശേഷം പുതിയ കായികനയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്പോർട്സ് ബില്ലും എത്തിയത്. സ്പോർട്സിനെ രാജ്യപുരോഗതിയുടെ അടയാളമായിക്കണ്ട് സാമ്പത്തികമായും തൊഴിൽപരമായും പുതിയ സാദ്ധ്യതകൾ തുറന്നിടുന്ന പദ്ധതികളാണ് കായികനയത്തിൽ പ്രഖ്യാപിച്ചിരുന്നത്. അതേസമയം, കായിക സംഘടനകളിൽ സുതാര്യത ഉറപ്പാക്കാനാണ് കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ അവതരിപ്പിച്ച ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
സർക്കാരിൽ നിന്ന് ഫണ്ട് വാങ്ങുന്ന കായിക സംഘടനകളുടെ അംഗീകാരം നിശ്ചയിക്കുന്നതിന് നാഷണൽ സ്പോർട്സ് ബോർഡ് രൂപീകരിക്കൽ, ദേശീയ കായിക ട്രിബ്യൂണൽ സ്ഥാപിക്കൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഉൾപ്പടെയുള്ള കായിക സംഘടനകളെ കായിക മന്ത്രാലയത്തിനും വിവരാവകാശ നിയമത്തിനും കീഴിൽ കൊണ്ടുവരൽ, അത്‌ലറ്റ്സ് കമ്മിഷൻ രൂപീകരിക്കൽ, കായികഭരണത്തിൽ കളിക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകൽ തുടങ്ങിയ നിരവധി നിയമങ്ങളാണ് സ്പോർട്സ് ബില്ലിലുള്ളത്. കായിക സംഘടനകളുടെ ഭാരവാഹികളുടെ പ്രായം, അധികാരത്തുടർച്ച എന്നിവയിൽ കൃത്യമായ മാനദണ്ഡങ്ങൾ ബിൽ മുന്നോട്ടുവയ്ക്കുന്നു. കായികസംഘടനകളുടെ സ്വയംഭരണാവകാശം നിലനിറുത്തുന്നുണ്ടെങ്കിലും ഭരണസമിതി തിരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങൾ, കായിക താരങ്ങളുടെ ക്ഷേമം, പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ ബില്ലിലെ ചട്ടങ്ങൾ പാലിക്കാൻ കായിക സംഘടനകൾ നിർബന്ധിതരാണ്.
ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ളതും ചാരിറ്റബിൾ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത സ്വതന്ത്രസംഘടനയായി പ്രവർത്തിക്കുന്നതുമായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെക്കൂടി വരുതിയിലേക്ക് എത്തിച്ചിരിക്കുന്നു എന്നതാണ് പുതിയ ബില്ലിലെ മറ്റൊരു കാതലായ കാര്യം. തങ്ങൾ സർക്കാർ ഫണ്ട് വാങ്ങാത്തതിനാൽ അഫിലിയേഷൻ വേണ്ടെന്ന ക്രിക്കറ്റ് ബോർഡിന്റെ നിലപാട് ഇനി നടക്കില്ല. അന്താരാഷ്ട്ര മത്സരങ്ങൾക്ക് അയയ്ക്കുന്ന ടീമുകൾക്ക് ഇന്ത്യ എന്ന് പേരു നൽകണമെങ്കിൽ എല്ലാ കായിക സംഘടനകളും നാഷണൽ സ്പോർട്സ് ബോർഡിൽ അഫിലിയേറ്റ് ചെയ്തിരിക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. കായിക അസോസിയേഷനുകളുടെ പേരിൽ ഇന്ത്യ, ഇന്ത്യൻ എന്ന് ഉപയോഗിക്കണമെങ്കിൽപ്പോലും കേന്ദ്രാനുമതി വേണം. ക്രിക്കറ്റ് അടുത്ത ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതിനാൽ ദേശീയ ടീമിനെ അയയ്ക്കണമെങ്കിൽ കായിക ബിൽ അനുസരിച്ച് പ്രവർത്തിക്കേണ്ടിവരുമെന്ന് സാരം.
നാഷണൽ സ്പോർട്സ് ബോർഡിന്റെ രൂപീകരണമാണ് ഏറെചർച്ചകൾക്ക് വഴിവയ്ക്കുന്നത്. ദേശീയ, സംസ്ഥാന, ജില്ലാ കായിക സംഘടനകളുടെ അംഗീകാരം നിർണയിക്കാനും കണക്കുകൾ പരിശോധിക്കാനും ക്രമക്കേടുകളുണ്ടെങ്കിൽ നടപടിയെടുക്കാനും ഈ ബോർഡിന് അധികാരമുണ്ടായിരിക്കും. ഇത് കായികഭരണത്തിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയം കലർത്തുമെന്ന് പലകോണുകളിൽ നിന്നും ആശങ്കകൾ ഉയരുന്നുണ്ട്. കായികസംഘടനകളെ നിയന്ത്രിക്കുവാനുള്ള ഉപാധിയായി ബിൽ മാറിയാൽ അത് ആഗോള കായികംഗത്തും പ്രതിസന്ധികൾ സൃഷ്ടിക്കും. ദേശീയ കായിക സംഘടനകൾ രൂപീകരിക്കുന്നതിൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന രീതിയിൽ നിയന്ത്രണങ്ങൾ വരുന്നത് ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി, ഫിഫ തുടങ്ങിയ അന്താരാഷ്ട്ര കായിക സംഘടനകളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തും. ഒളിമ്പിക് ചാർട്ടറിനു വിരുദ്ധമായി ദേശീയ കായിക സംഘടനകളിൽ സർക്കാർ ഇടപെടലുണ്ടായാൽ അന്താരാഷ്ട്ര വിലക്കിനു വരെ സാദ്ധ്യതയുണ്ട്.
കായിക സംഘടനകളെ നിയന്ത്രിക്കുക എന്നതിലുപരി സ്പോർട്സിനെ ശക്തമാക്കുക എന്നതാകണം നിയമവ്യവസ്ഥയുടെ ലക്ഷ്യം. കായികരംഗത്തെ കൊള്ളരുതായ്മകളും അഴിമതികളും നിയന്ത്രിക്കാൻ നിയമങ്ങൾ ഉണ്ടാകുന്നതിനൊപ്പം അത് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. കായിക താരങ്ങളെയും കായിക സൗകര്യങ്ങളെയും വളർത്താൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാകണം. വരുമാനം കൂടുതലുള്ള കായിക ഇനങ്ങൾക്ക് പകരം ഒളിമ്പിക് ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനമുണ്ടാകണം. 2036ലെ ഒളിമ്പിക്സ് വേദിക്കായുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാകണം പുതിയനിയമങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |