മേപ്പാടി: മേപ്പാടി കെ.ബി റോഡിൽ ടൗൺ അവസാനിക്കുന്നിടത്ത് ഒരു ബേക്കറിയുണ്ട്, 'ജൂലായ് 30". ദുരന്തം തകർത്ത ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന മുണ്ടക്കൈ സ്വദേശിയായ നൗഫലിന്റെ പുതിയ ആശ്രയം. ഭാര്യ സജ്ന, മൂന്ന് കുട്ടികൾ, ഉപ്പ കുഞ്ഞു മൊയ്തീൻ ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, മൂന്ന് കുട്ടികൾ അങ്ങനെ 11പേരെയാണ് നൗഫലിന് നഷ്ടമായത്. ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷം സന്നദ്ധ സംഘടനകളാണ് കൈത്താങ്ങായത്.
ദുരന്ത സമയത്ത് നൗഫൽ വിദേശത്തായിരുന്നു. രാത്രി 10 വരെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു. കുട്ടികളോട് വീഡിയോകാളിലൂടെ വിശേഷങ്ങൾ ചോദിച്ചു. അവരുടെ പേടി ഉപ്പയോട് പങ്കുവച്ചു. ആർത്തലയ്‌ക്കുന്ന മഴയുടെ ശബ്ദം അവരെ ഭയപ്പെടുത്തിയിരുന്നു. 11 മണി കഴിഞ്ഞതോടെ നൗഫലിന് കുട്ടികളെ ഫോണിൽ കിട്ടിയില്ല. പലഫോണുകളും സ്വിച്ച് ഓഫ്. അയൽക്കാരെ വിളിച്ചപ്പോഴും സമാനമായ സ്ഥിതി. ടി.വി ഓൺ ചെയ്യാൻ ശ്രമിച്ചപ്പോൾ സുഹൃത്തുക്കൾ തടഞ്ഞു. തന്റെ ഫോൺ അവർ പിടിച്ചുവാങ്ങി. സുഹൃത്തുക്കളാണ് ടിക്കറ്റ് എടുത്ത് നൗഫലിനെ നാട്ടിലേക്കയച്ചത്.
ജൂലായ് 31ന് രാവിലെ മേപ്പാടിയിലെത്തിയപ്പോഴാണ് തനിക്കാരും ഇനിയില്ലെന്ന് തിരിച്ചറിഞ്ഞത്. 'മകൾ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ശേഷമാണ് വിദേശത്തേക്ക് പോയത്. മകനെക്കുറിച്ച് ഓർത്താൽ എനിക്ക് സംസാരിക്കാൻ കഴിയില്ല. ജീവനായിരുന്നു മൂന്ന് കുട്ടികളും"- നൗഫൽ വിതുമ്പി. നൗഫലിന് താങ്ങായി ജീവിതത്തിലേക്ക് പുതിയൊരു ജീവിതപങ്കാളി കൂടി എത്തിയിട്ടുണ്ട്- ഷഫ്ന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |