തിരുവനന്തപുരം: രാജ്യത്ത് മതവാദികളായ ക്രിമിനലുകൾ അഴിഞ്ഞാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ തുറങ്കിലടപ്പിച്ചതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്രൈസ്തവർക്ക് മതസ്വാതന്ത്റ്യവും പ്രാർത്ഥനാ സ്വാതന്ത്റ്യവും നിഷേധിക്കുന്ന നാടായി മാറി. ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിർത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അതിനിടെയാണ് ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തി ബി.ജെ.പി നേതാക്കൾ കേക്ക് വിതരണം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ തുറങ്കിലടച്ചതിനെതിരേ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാജമായുണ്ടാക്കിയ കുറ്റങ്ങളാണ് കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും അറസ്റ്റ് ഭറണഘടനാ വിരുദ്ധമാണെന്നും അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിന്റെ പ്രതിഷേധം ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മതപരിവർത്തനമാണെന്ന് പറയുന്നത് തലയ്ക്ക് വെളിവില്ലാത്തവരാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം.ഹസൻ, വി.എം.സുധീരൻ, കെ.മുരളീധരൻ, ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.വിൻസന്റ്, കെ.സി.ജോസഫ്, വി.എസ്.ശിവകുമാർ, ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ലിജു, പഴകുളം മധു, എം.എം.നസീർ, ജി.സുബോധൻ, ജി.എസ്.ബാബു, കെ.പി.ശ്രീകുമാർ, കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.മോഹൻകുമാർ, വർക്കല കഹാർ, ശരത്ചന്ദ്ര പ്രസാദ്,നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, കെ.എസ് ശബരിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |