തിരുവനന്തപുരം: സിനിമാനയം രൂപീകരിക്കുന്നതിനുള്ള കോൺക്ലേവ് ആഗസ്റ്റ് 2 രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'നല്ല സിനിമ നല്ല നാളെ" എന്ന ലക്ഷ്യത്തോടെ സിനിമാനയം രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ജർമ്മനി, യു.കെ, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളുണ്ടാകും. എൻ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ പ്രകാശ് മഖ്തും, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സയീദ് അക്തർ മിർസ, മോഹൻലാൽ, സുഹാസിനി മണിരത്നം, ഹൻസൽ മെഹ്‌ത, റസൂൽ പൂക്കുട്ടി, ആശിഷ് കുൽകർണി, ഉദയ് കൗശിഷ്, സൊനാലി ബാവ, അഭിജിത് ദേശ്പാണ്ഡെ, രേവതി തുടങ്ങിയവർ പങ്കെടുക്കും.
അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയിലും, മലയാളസിനിമയിൽ ലിംഗനീതിയും ഉൾക്കൊള്ളലും, തൊഴിൽ കരാർ പണിയിടം, നിയമപരമായ ചട്ടക്കൂടുകളും സന്തുലിതമായ പരാതി പരിഹാര സംവിധാനവും, നാളെകളിലെ സാങ്കേതികവിദ്യയും നൈപുണ്യ വികസനവും തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടക്കും. 3ന് വൈകിട്ട് 5ന് സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേം കുമാർ, സംസ്ഥാന ചലച്ചിത്ര പ്രവർത്തന ക്ഷേമനിധി ചെയർമാൻ കെ. മധുപാൽ, കെ.എസ്.എഫ്.ഡി.സി എം.ഡി പ്രിയദർശനൻ പി.എസ്., ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |