കട്ടപ്പന: കാലവർഷ മഴ തിമിർത്തു പെയ്ത് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ മീൻ പിടുത്തക്കാർക്ക് ചാകര. ഇരട്ടയാർ, ഇടുക്കി ജലാശയങ്ങളിലാണ് മീൻപിടുത്തകാർ സജീവമായിരിക്കുന്നത്. രുചികരമായ മത്സ്യം ലഭിക്കുമെന്നതാണ് പ്രത്യേകത. കട്ല, കാരി, സിലോപ്പിയ, ഗോൾഡ് ഫിഷ് തുടങ്ങിയവയാണ് കൂടുതലായി അണക്കെട്ടുകളിൽ നിന്ന് ലഭിക്കുന്നത്.ചൂണ്ടയിട്ടും ചെറിയ വലയെറിഞ്ഞും മീൻ പിടിക്കുന്നവരെ അണക്കെട്ടുകളുടെ വശങ്ങളിൽ കാണാം. പ്രദേശവാസികളായ അംഗീകൃത മത്സ്യത്തൊഴിലാളികളാണ് മീൻപിടിത്തവുമായി വൃഷ്ടിപ്രദേശങ്ങളിൽ സജീവമാകുന്നത്. ഇവർ പിടിക്കുന്ന മത്സ്യത്തിന് ആവശ്യക്കാരും ഏറെയാണ്. വിഷമയമില്ലാത്ത മത്സ്യമാണെന്നതിനാൽ തന്നെ അണക്കെട്ടുകളിലെ മത്സ്യത്തിന് ആവശ്യക്കാരും ഏറെയാണ്. മഴ കുറഞ്ഞ് വെള്ളം തെളിയുന്നതോടെ കൂടുതൽ പേർ മീൻപിടിക്കാനെത്തും. തദ്ദേശീയരായ നിരവധി പേരാണ് മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഇടുക്കി അണക്കെട്ടിലെ വെണ്ണിലാംകണ്ടം ഭാഗത്തും ഇരട്ടയാറിൽ നിന്ന് തങ്കമണി, ചെമ്പകപ്പാറ റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്കും അണക്കെട്ടിലെ വെള്ളം നിറഞ്ഞു കിടക്കുന്ന മനോഹര കാഴ്ച കാണാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |