കാട്ടാനകളുടെ സ്വന്തം നാടായി ഇടുക്കി മാറുമ്പോൾ ജീവൻ രക്ഷിക്കാൻ നാടുവിടേണ്ട ഗതികേടിലാണ് മലയോര ജനത. ഏഴ് മാസത്തിനുള്ളിൽ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് നാല് ജീവനുകളാണ്. ഇതിൽ പീരുമേട് താലൂക്കിൽ മാത്രം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ മതമ്പ വാർഡിൽ മാത്രം രണ്ടുപേരുടെ ജീവനാണ് കാട്ടാന കവർന്നത്. 2024ൽ ഏഴ് പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 47 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. ഏറ്റവുമൊടുവിൽ കാട്ടാനക്കലിക്ക് ഇരയായത് റബ്ബർ കർഷകനായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് (64). മതമ്പയിൽ ചൊവ്വ രാവിലെ പത്തരയോടെ പാട്ടത്തിനെടുത്ത റബർ തോട്ടത്തിൽ മകൻ രാഹുലിനൊപ്പം ടാപ്പിംഗ് നടത്തുന്നതിനിടെ പുരുഷോത്തമനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ഏതാണ്ട് നാലു കിലോമീറ്റർ ചുറ്റളവിലാണ് കഴിഞ്ഞ ഫെബ്രുവരി പത്തിന് കൊമ്പൻപാറ നെല്ലിവിള പുതുപ്പറമ്പിൽ സോഫിയ ഇസ്മായിലെ (46) കാട്ടാന ചവിട്ടിക്കൊന്നത്. അതേ കാട്ടാന തന്നെയാണ് ഇവിടെയും ആക്രമിച്ചതെന്നാണ് കരുതുന്നത്. ഇതിനും ഒരു മാസം മുമ്പ് ജൂൺ 12നാണ് പീരുമേട് തോട്ടാപ്പുരയിലെ ആദിവാസി വീട്ടമ്മ സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഫെബ്രുവരിയിലാണ് ചിന്നാർ വന്യ ജീവി സങ്കേതത്തിൽ ഫയർലൈൻ തെളിക്കാൻ പോയ ചമ്പക്കാട് ഗോത്ര വർഗ ഗ്രാമത്തിലെ വിമൽ മരിക്കുന്നത്. പീരുമേട് താലൂക്കിലെ കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പെരുവന്താനം പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് മരിയ ഗിരി ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം എത്തിയ കാട്ടാന ദേശീയപാതയിൽ നില ഉറപ്പിച്ചതിനെ തുടർന്ന് സ്‌കൂൾ വിദ്യാർത്ഥികളടക്കം ജീവനും കൊണ്ട്ഓടുന്ന സ്ഥിതിയുണ്ടായി. പീരുമേട് ഗസ്റ്റ് ഹൗസ് ഭാഗം, കുട്ടിക്കാനം, മുറിഞ്ഞപുഴ, തോട്ടാപ്പുര, കച്ചേരികുന്ന് എൽ.പി സ്‌കൂൾ ഭാഗം, കല്ലാർ പുതുവൽ, കല്ലാർ അമ്പതാംമൈൽ, വള്ളക്കടവ്, തങ്കമല, എച്ച്.പി.സി 62-ാം മൈൽ തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് കർഷരുടെ വിളകളാണ് ഏതാനും മാസത്തിനുള്ളിൽ കാട്ടാന നശിപ്പിച്ചത്.
ആഴ്ചകൾക്ക് മുമ്പാണ് ചരിത്രത്തിൽ ആദ്യമായി തൊടുപുഴ നഗരത്തിൽ നിന്ന് പത്തുകിലോ മീറ്റർ അകലെ ജനവാസ മേഖലയിൽ രണ്ട് കാട്ടാനകളിറങ്ങി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയത്. തൊടുപുഴ നഗരസഭയുമായി അതിർത്തി പങ്കിടുന്ന കുമാരമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡായ പയ്യാവിലാണ് രണ്ട് കൊമ്പന്മാരെ കണ്ടത്. മുള്ളരിങ്ങാട് മേഖലയിലും അടുത്ത കാലത്ത് കാട്ടാന ശല്യം വർദ്ധിച്ചു. മാങ്കുളം പഞ്ചായത്തിലെ വിവിധ കാർഷിക മേഖലകളിൽ കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. അടിമാലി ടൗണിനോടു ചേർന്നുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യം മൂലം കർഷകർ പൊറുതി മുട്ടിയ നിലയിലാണ്. മൂന്നാർ കന്നിമല ടോപ്പ്, പെരിയവര എന്നിവിടങ്ങളിൽ ഒരു വർഷമായി കാട്ടാന ശല്യം രൂക്ഷമാണ്. പടയപ്പ മൂന്നാറിലെ സ്ഥിരം സാന്നിദ്ധ്യമാണ്. മുട്ടം ടൗണിനു സമീപം കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. വാഴത്തോപ്പ്, വാത്തിക്കുടി, മരിയാപുരം, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിലും വന്യമൃഗ ശല്യം പതിവാണ്.
നോക്കുകുത്തിയായി വനംവകുപ്പ്
കാടിറങ്ങുന്ന വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തി ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കുകുത്തിയായി മാറുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും ഫലപ്രദമായ പ്രതിരോധ നടപടികൾ ഒരുക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വൈദ്യുത വേലി പോലെയുള്ള അശാസ്ത്രീയ മാർഗങ്ങൾ പരീക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. വന്യജീവികൾ ജനവാസ മേഖലയിലിറങ്ങാൻ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതു കൊണ്ടാണെന്നാണ് വനം വകുപ്പിന്റെ വാദം. വന്യമൃഗ ശല്യം പ്രതിരോധിക്കാൻ ഓരോ വർഷവും ലക്ഷങ്ങളുടെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നതെങ്കിലും നാട്ടുകാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വഴി കാണാതെ കൃഷി പോലും ഉപേക്ഷിക്കാൻ പലരും നിർബന്ധിതമാകുകയാണ്. എന്നാൽ വനത്തിനുള്ളിൽ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനായി വനംവകുപ്പ് നടപ്പാക്കിയ പദ്ധതികളെല്ലാം പാഴാവുകയായിരുന്നു. ഇതു കൂടാതെ എക്കോ റീസ്റ്റോറേഷൻ, കാടു വെട്ട്, ഫയർ ലൈൻ തെളിക്കൽ, ഫയർ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നു. 2016ന് ശേഷം ജില്ലയിൽ 10 കോടിയിലേറെയാണ് വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനായി ചെലവഴിച്ചത്. വനാതിർത്തികളിൽ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിലൂടെ കാട്ടാനശല്യം ഒരു പരിധി വരെ പരിഹരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താനായി കർഷകർ സ്വന്ത നിലയ്ക്ക് പല പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒന്നും പ്രയോജനം ചെയ്യുന്നില്ല. കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ വനംവകുപ്പ് അനുവാദം നൽകിയിട്ടുണ്ടെങ്കിലും ഒട്ടേറെ നിബന്ധനകൾ പാലിക്കേണ്ടതിനാൽ കർഷകർക്ക് ഇതിനു സാധിക്കുന്നില്ല. തോക്കുള്ള പലരുടെയും ലൈസൻസ് പുതുക്കി നൽകാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ചിലയിടങ്ങളിൽ കാട്ടുപന്നി, മുള്ളൻ പന്നി തുടങ്ങിയവയുടെ ശല്യം കുറയ്ക്കുന്നതിന് കർഷകർ ജൈവ വേലി സ്ഥാപിക്കാറുണ്ട്. കൊന്ന കമ്പ്, ചെമ്പരത്തി, മുരിക്കിന്റെ ശിഖരം എന്നിവ ഉപയോഗിച്ചാണ് വേലി നിർമ്മിക്കുന്നത്. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ വനംവകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതായും ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും ആക്ഷേപമുണ്ട്. ഇൻഷുർ ചെയ്തിട്ടുള്ള ഹ്രസ്വകാല വിളകൾക്ക് നാശമുണ്ടായാൽ കൃഷിവകുപ്പ് നഷ്ടപരിഹാരം നൽകുമെങ്കിലും ഇതും തുച്ഛമായ തുക മാത്രമാണ്. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയുമാണ് നൽകുന്നത്.
പത്ത് വർഷത്തിനിടെ മരിച്ചത് 47 പേർ
2024 -ൽ മരിച്ചത് 7 പേർ
ഏഴ് മാസത്തിനിടെ പൊലിഞ്ഞത്- 4ജീവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |