മലപ്പുറം: തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് സമസ്തയുമായുള്ള ഭിന്നത പരിഹരിക്കാൻ മുസ്‌ലിം ലീഗിന്റെ തീവ്രശ്രമം. ഇന്നലെ കോഴിക്കോട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധ, അനുകൂല പക്ഷങ്ങളിലെ പത്ത് വീതം നേതാക്കളെ ഉൾപ്പെടുത്തി സമവായ ചർച്ച നടത്തി. ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ പ്രധാന പ്രശ്നമായ സി.ഐ.സി (കോ-ഓർഡിനേഷൻ ഒഫ് ഇസ്ലാമിക് കോളേജസ്) വിഷയത്തിൽ തീരുമാനമുണ്ടായിട്ടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം ചർച്ച തുടരും.
സി.ഐ.സി ഭരണ സമിതിയുമായി ചർച്ച ചെയ്യാൻ സാദിഖലി തങ്ങളെ സമസ്ത നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനുള്ള കരുനീക്കങ്ങളിലാണ് മുസ്‌ലിം ലീഗ്. പരമാവധി സീറ്റുകളിൽ വിജയിക്കുമെന്ന ഉറപ്പ് യു.ഡി.എഫിന് നൽകിയിട്ടുണ്ട്. സ്വന്തം നില ഭദ്രമാക്കുന്നതിന്റെ ആദ്യപടിയായാണ് വോട്ടുബാങ്കായ സമസ്തയുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ ലീഗ് നേതൃത്വം മുന്നിട്ടിറങ്ങിയത്.
സി.ഐ.സി സംവിധാനം സമസ്തയ്ക്ക് കീഴിലാക്കണമെന്ന ആവശ്യം സമവായ ചർച്ചയിലും ആവർത്തിക്കപ്പെട്ടത് ലീഗിന് വെല്ലുവിളിയാണ്. സമസ്തയുടെ ആവശ്യം നടപ്പാക്കുകയോ അല്ലെങ്കിൽ സി.ഐ.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സാദിഖലി തങ്ങൾ രാജി വയ്ക്കുകയോ വേണമെന്ന നിലപാടിൽ നിന്ന് സമസ്ത പിന്നോട്ടു പോയിട്ടില്ല. സമവായ ചർച്ചയിൽ തെറ്റിദ്ധാരണകൾ പലതും മാറിയെന്ന് പറഞ്ഞ ജിഫ്രി തങ്ങൾ സി.ഐ.സിയുടെ കാര്യത്തിൽ സമസ്തയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം ചർച്ചയ്ക്ക് ശേഷവും പരസ്യമായി ഉന്നയിച്ചിട്ടുണ്ട്.
സി.ഐ.സി വിഷയത്തിൽ സമസ്തയ്ക്ക് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്നതാണ് ലീഗിന്റെ പ്രതിസന്ധി. 2002ൽ സി.ഐ.സി രൂപീകരിച്ചത് മുതൽ പാണക്കാട് തങ്ങൾ കുടുംബവും ലീഗിനോട് ചേർന്നു നിൽക്കുന്ന സമസ്ത നേതാക്കളുമാണ് തലപ്പത്ത്. മത വിദ്യാഭ്യാസത്തിന്റെ കടിഞ്ഞാൺ ലീഗിന്റെയും കൈകളിലെത്തിച്ച സി.ഐ.സിയെ കൈവിടുക ലീഗിന് എളുപ്പമല്ല. അതേസമയം സമസ്ത പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സി.പി.എം മുതലെടുക്കുമെന്നും
ഭയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |