കൊച്ചി: ആരോപണവും എതിർപ്പും മൂലം ബാബുരാജ് പിന്മാറിയതോടെ താരസംഘടനയായ അമ്മയുടെ സുപ്രധാന പദവികളിൽ വനിതകളുടെ മത്സരം. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകൾ മത്സരത്തിനുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി അൻസിബ ഹസന് എതിരാളിയില്ല.
നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ എതിർപ്പ് ഉയർന്നിരുന്നു. ആരോപണ വിധേയൻ മത്സരിക്കരുതെന്ന ആവശ്യവും ഉയർന്നിരുന്നു. സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായർ സാമ്പത്തിക ആരോപണവും ഉന്നയിച്ചതോടെയാണ് ബാബുരാജ് പത്രിക പിൻവലിച്ചത്. അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവരും പത്രിക പിൻവലിച്ചു.
വനിതാ പ്രസിഡന്റിന് അവസരം ഒരുക്കാനാണ് ജഗദീഷ് പത്രിക പിൻവലിച്ചത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി സംസാരിച്ചശേഷമാണ് ജഗദീഷ് പിന്മാറിയത്. രവീന്ദ്രൻ, ജോയ് മാത്യു, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ പത്രിക പിൻവലിച്ചെങ്കിലും ദേവൻ പിന്മാറിയില്ല.
ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ രാജിവച്ചതിനെ പിന്നാലെയാണ് മോഹൻലാൽ പ്രസിഡന്റായി അഡ്ഹോക്ക് കമ്മിറ്റി തുടർന്നത്. കഴിഞ്ഞ പൊതുയോഗത്തിൽ പ്രസിഡന്റായി തുടരില്ലെന്ന് മോഹൻലാൽ അറിയിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് തീരുമാനിച്ചത്. പ്രമുഖ അഭിനേതാക്കൾ ഇക്കുറി മത്സരരംഗത്തില്ല. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്.
സ്ഥാനാർത്ഥി പട്ടിക
പ്രസിഡന്റ് : ശ്വേത മേനോൻ, ദേവൻ
ജനറൽ സെക്രട്ടറി: കുക്കു പരമേശ്വരൻ, രവീന്ദ്രൻ
വൈസ് പ്രസിഡന്റ്: ജയൻ ചേർത്തല, ലക്ഷ്‌മിപ്രിയ, നാസർ ലത്തീഫ്
ജോയിന്റ് സെക്രട്ടറി: അൻസിബ ഹസൻ
ട്രഷറർ: അനൂപ് ചന്ദ്രൻ, ഉണ്ണി ശിവപാൽ
എക്‌സിക്യുട്ടീവ് കമ്മിറ്റി (വനിതകൾ): അഞ്ജലി നായർ, ആശ അരവിന്ദ്, നീനു കുറുപ്പ്, സജിതാ ബേട്ടി, സരയു മോഹൻ
എക്‌സിക്യുട്ടീവ് കമ്മിറ്റി (പൊതുവിഭാഗം): ജോയ് മാത്യു, കൈലാഷ്, നന്ദു പൊതുവാൾ, ഡോ. റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂർ, സുജോയ് വർഗീസ്, ടിനി ടോം, വിനുമോഹൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |