കോട്ടയം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ രണ്ടായിരത്തലേറെ തേക്കുമരങ്ങൾ കടപുഴകി വീണു. ഇതിൽ കൂടുതലും ടിഷ്യൂകൾച്ചർ ചെയ്തവയാണെന്നാണ് കർഷകർ പറയുന്നത്. തടിയ്ക്ക് വിലയുള്ളതിനാൽ റബർ വെട്ടി തേക്ക് നട്ടവർ നിരവധിയാണ്. തേക്കുകളുടെ വേരുകൾ മണ്ണിൽ ആഴത്തിൽ പതിഞ്ഞാണ് നിൽക്കുന്നത്. ശക്തമായ കാറ്റിലും ഇവയുടെചില്ലകൾ ഒടിയുന്നതല്ലാതെ ചുവടോടെ നിലംപൊത്താറില്ല.
എന്നാൽ ടിഷ്യൂ കൾച്ചറൽ ചെയ്തവയുടെ വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങില്ല. പൊക്കവും വണ്ണവും കുറവുമാണ്. ചുഴലിക്കാറ്റിനെ അതിജീവിക്കാൻ ഇവയ്ക്കാകില്ല. കാലവർഷക്കെടുതിയിൽ 1.8 കോടിരൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. 20.15 ഹെക്ടർ കൃഷിയിടത്തെ വിളകൾ നശിച്ചു. ഓണവിപണി ലക്ഷ്യമിട്ടുള്ള 16157 കുലച്ച വാഴകളും, 11440 കുലയ്ക്കാത്ത വാഴകളും നശിച്ചു. തെങ്ങ് ,റബർ, കൊക്കോ, മരച്ചീനി, ജാതി ,പച്ചക്കറി തുടങ്ങിയവയ്ക്കും നാശമുണ്ട്.
വില കൂടുതൽ, ഡിമാൻഡും
കട്ടിള, ജനൽ , വെന്റലേഷൻ അടക്കം നിർമ്മാണ ജോലികൾക്ക് തടിയ്ക്ക് പകരം റെഡിമെയ്ഡ് കോൺക്രീറ്റും, ഇരുമ്പുംഉപയോഗിക്കാൻ തുടങ്ങിയതോടെ തടി വില കുറഞ്ഞിരുന്നു. ആഞ്ഞിലി, പ്ലാവ് എന്നിവ വാങ്ങാൻ കച്ചവടക്കാരില്ലാതായി. പ്ലൈവുഡ് ആവശ്യങ്ങൾക്കും, കതക്, ജനൽ പാളികൾക്കുമായി തേക്കിനായിരുന്നു ഡിമാൻഡ്. വലുപ്പംവയ്ക്കുന്നതിന് മുമ്പേ തേക്കുകൾ കാറ്റെടുത്തതോടെ കർഷകർക്ക് തിരിച്ചടിയായി. വിറകനേ ഇത് കൊള്ളൂവെന്ന് പറഞ്ഞ് കബളിപ്പിക്കാൻ തടി കച്ചവടക്കാരും രംഗത്തെത്തിയിട്ടുണ്ട്.
സ്വകാര്യ നഴ്‌സറികൾ ഉത്പാദിപ്പിക്കുന്ന മുന്തിയ ഇനം തേക്കിൻതൈകൾക്ക് : 30 രൂപ
''വിപണി വിലയില്ലാത്തതുമൂലം കുറച്ച് വർഷങ്ങളായി തേക്ക് തടി വില്പന നടക്കുന്നില്ലായിരുന്നു. കാറ്റുപിടിച്ചതിൽ കൂടുതലും ടിഷ്യു ഇനത്തിൽപ്പെട്ടവയാണ്. ഇവ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കച്ചവടക്കാർ സംഘടിത ശ്രമമാണ് നടത്തുന്നത്.
എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |