തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് ഒരു മാസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 488 ക്ലാർക്ക് ഒഴിവുകൾ, 261 തേർഡ് ഗ്രേഡ് ഓവർസിയർ ഒഴിവുകളിലും ഉടൻ നിയമനമാകും.
മന്ത്രി എം.ബി.രാജേഷിന്റെ നിർദ്ദേശപ്രകാരം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. 31ന് രാത്രി 11 മണിക്ക് കാസർകോട് ജില്ലയിൽ നിന്നുള്ള അൺഓതറൈസ്ഡ് ആബ്സന്റ് ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്താണ്, കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്കൊപ്പം സർക്കാർ നിലകൊണ്ടത്.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ ഈ വർഷം ജനുവരി 1 മുതൽ ജൂലായ് 31 വരെ 1757 എൻട്രി കേഡർ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ ആദ്യത്തെ റാങ്ക് ലിസ്റ്റ് ഇന്നലെ പി.എസ്.സി പ്രസിദ്ധീകരിച്ചു. വകുപ്പ് ഏകീകരണത്തിന് ശേഷം ഇതാദ്യമായാണ് സെക്രട്ടറിമാരുടെ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി തയ്യാറാക്കുന്നത്. സെക്രട്ടറി തസ്തികയിലേക്ക് 123 ഒഴിവുകൾ തദ്ദേശ സ്വയം ഭരണ വകുപ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 23 ഒഴിവുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്യും.
ക്ലാർക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എല്ലാ ജില്ലകളിലെയും വിവിധ വകുപ്പുകളിലേക്കുള്ള ക്ലാർക്ക് തസ്തികയുടെ (നേരിട്ടും തസ്തിക മാറ്റം മുഖേനയും ഉളള നിയമനം) (കാറ്റഗറി നമ്പർ 503/2023 & 504/2023 ) റാങ്ക് പട്ടിക പി.എസ്.സി ഔദ്യോഗിക വെബ് സൈറ്റിൽ ലഭിക്കും.
നിലവിലുണ്ടായിരുന്ന റാങ്ക് പട്ടികയുടെ (കാറ്റഗറി നമ്പർ 207/2019 ) കാലാവധി ജൂലായ് 31 ന് അവസാനിച്ചിരുന്നു .ഈ റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത 1054 ഒഴിവുകളിലേക്കും ഇതേ റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |