ന്യൂയോർക്ക്: കരയിലെ തലയെടുപ്പുള്ള ജീവിയാണ് ആന. ആഫ്രിക്കൻ ആനയും ഏഷ്യൻ ആനയും തമ്മിൽ കാഴ്ചയിൽ നല്ല വ്യത്യാസമുണ്ട്. വലിയ ചെവിയാണ് ആഫ്രിക്കൻ ആനകളുടെ ഏറ്റവും വലിയ പ്രത്യേകത. ഏഷ്യൻ ആനയെ അപേക്ഷിച്ച് വലിയ കൊമ്പും കണ്ണും ആഫ്രിക്കൻ ആനയ്ക്കാണ്. ആനകളുടെ പൂർവ്വികരെ പറ്റി പറയുമ്പോൾ മാമത്താണ് നമ്മുടെ മനസിലേക്ക് എത്തുക. രോമാവൃതമായ ഭീമൻ ശരീരവും കൂർത്ത കൊമ്പുകളോടും കൂടിയ വൂളി മാമത്തുകൾ ഇന്ന് ഭൂമുഖത്തില്ല.
അതുപോലെ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് മൺമറഞ്ഞ ജീവികളാണ് ഗോംഫതെർ. ഇന്നത്തെ ആനകളുടെ ഒരു ബന്ധുവെന്ന് പറയാം. ആനയുമായി സാദൃശ്യമുണ്ടെങ്കിലും ആനകളും മാമത്തുകളും ഉൾപ്പെടുന്ന എലിഫെന്റിഡേ കുടുംബത്തിൽപ്പെട്ടവയല്ല ഗോംഫതെറുകൾ. ഗോംഫതെറൈഡേ എന്ന കുടുംബത്തിലാണ് ഇവയുള്ളത്. ഈ കുടുംബത്തിൽപ്പെട്ട എല്ലാ അംഗങ്ങൾക്കും വംശനാശം സംഭവിച്ചു.
ആഫ്രോ - യൂറേഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ മയോസീൻ, പ്ലൈസ്റ്റോസീൻ കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്. ആദ്യകാല ഗോംഫതെർ സ്പീഷീസുകൾക്ക് നാല് കൊമ്പുകളുണ്ടായിരുന്നു. ഏകദേശം 12,000 വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന ഗോംഫതെറുകൾക്ക് 8 മുതൽ 10.4 അടി വരെ ഉയരവും 2.7 മുതൽ 6.7 ടൺ വരെ ഭാരവുമുണ്ടായിരുന്നു. ഇവയ്ക്ക് ഇന്നത്തെ ഏഷ്യൻ ആനകളുമായാണ് സാമ്യം കൂടുതൽ.
വർഷങ്ങൾക്ക് മുന്നേ ഒരു ഭീമൻ ഗോംഫതെറിന്റെ അവശിഷ്ടം തെക്കൻ ചിലിയിൽ ലോസ് ലാഗോസ് മേഖലയിൽ ഒരു തടാകത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഗോംഫതെറുകളുടെ താവളമായിരുന്നു ഈ മേഖലയെന്ന് ഗവേഷകർ പറയുന്നു.
ആദിമ മനുഷ്യന്റെ വേട്ടയാടൽ ഗോംഫതെറുകൾ അപ്രത്യക്ഷമാകുന്നതിന് കാരണമായിട്ടുണ്ടെന്ന് കരുതുന്നു. വളരെ അക്രമ സ്വഭാവമുള്ള അപകടകാരിയായ ഗോംഫതെറിനെ വേട്ടയാടണമെങ്കിൽ വലിയൊരു കൂട്ടം മനുഷ്യർ തന്നെ വേണ്ടി വന്നിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |