നിറുപുഞ്ചിരിയോടെ പ്രേക്ഷക മനസുകളിൽ കയറിക്കൂടിയ തെന്നിന്ത്യൻ സുന്ദരി നന്ദിനി ഇടവേള കഴിഞ്ഞ് വീണ്ടും സിനിമയിൽ തിരിച്ചെത്തി. ഈ വരവിൽ തമിഴിൽ രണ്ടു സിനിമകളിൽ അഭിനയിച്ച നന്ദിനി ഇനി മലയാളത്തിലേക്ക്. വെള്ളിത്തിരയിൽ നന്ദിനിക്ക് ഇത് രണ്ടാമത്തെ ഇടവേള.മലയാളത്തിലെ മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച് ആരാധകരുടെ ഇഷ്ടപാത്രമായ നന്ദിനി പെട്ടെന്ന് ഒരു ദിവസം മടങ്ങിപ്പോകുകയായിരുന്നു.ഇനി മടങ്ങിപ്പോകില്ലെന്ന് ഉറപ്പിച്ച് നന്ദിനി സംസാരിച്ചു.
സിനിമയിൽ ഇടവേള എങ്ങനെ സംഭവിച്ചു?
വേണമെന്ന് ആഗ്രഹിച്ചതല്ല. വ്യക്തിപരമായ കാരണങ്ങൾ ഉണ്ടായി. അത് പരിഹരിക്കാൻ ഇടവേള ആവശ്യമായി വന്നു. എല്ലാം പരിഹരിച്ച ശേഷമേ സിനിമ ചെയ്യുവെന്ന് തീരുമാനമെടുത്തിരുന്നു. തമിഴിൽ സെൽവരാഘവന്റെ ചിത്രത്തിൽ അഭിനയിച്ചു. കവിൻ നായകനായ 'കിസ്സ് "ആണ് മറ്റൊരു ചിത്രം. രണ്ടു സിനിമയിലും നല്ല കഥാപാത്രം. കിസ്സിൽ വേറിട്ട കഥാപാത്രവും ലുക്കും ആണ്.ഇതു വരെ അവതരിപ്പിക്കാത്ത കഥാപാത്രം. പ്രഭു, ദേവയാനി എന്നിവരാണ് മറ്റു താരങ്ങൾ. തിരിച്ചുവന്നപ്പോഴും നല്ല കഥാപാത്രങ്ങൾ തന്നെ ലഭിച്ചു. തമിഴിൽ രണ്ടു സിനിമ കൂടി കമ്മിറ്റ് ചെയ്തു. മാറി നിന്ന സമയത്തും മലയാളത്തിൽനിന്ന് രണ്ടു മൂന്നു സിനിമയിൽനിന്ന് അവസരം വന്നെങ്കിലും കഥാപാത്രം ഇഷ്ടമായില്ല. അങ്ങനെയും ഇടവേള വന്നു. 2018ൽ 'മന്ദാരം" സിനിമയിൽ അഭിനയിച്ച ശേഷമാണ് മലയാളത്തിൽ ഇടവേള വരുന്നത്. പിന്നീട് അഭിനയിച്ച 'ഖുർബാനി "റിലീസ് ചെയ്തില്ല. നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യാനാണ് ആഗ്രഹം. മികച്ച കഥാപാത്രങ്ങളാണ് മലയാളത്തിൽ ലഭിച്ചത്. വൈകാതെ മലയാള സിനിമയിലും അഭിനയിക്കും.
കവിത എന്ന് വിളിക്കുന്നവർ ഇപ്പോഴും ഉണ്ടോ?
വീട്ടിൽ എല്ലാവർക്കും കവിത തന്നെയാണ്. ആ പേരിൽ വിളിക്കുന്നത് ഇഷ്ടമാണ്. കൂട്ടുകാർ 'കവി "എന്ന് ലോപിച്ചു വിളിക്കുന്നു. ആ വിളിയും ഇഷ്ടപ്പെടുന്നു. മലയാളികൾ ആണ് എന്നെ ഏറ്റവും സ്നേഹിച്ചത്. ഇപ്പോഴും അവർ തന്നെയാണ് കൂടുതൽ സ്നേഹിക്കുന്നത്. അവർക്ക് ഞാൻ നന്ദിനി ആണ്. എന്നെക്കുറിച്ച് ഇന്റർവ്യൂ വന്നാൽ മലയാളി സുഹൃത്തുക്കൾ അയച്ചുതരും. 'ഏപ്രിൽ 19" മുതൽ അവർ എന്നെ സ്നേഹിക്കുന്നു.അതിന്റെ കാരണം അറിയില്ല. എനിക്ക് കേരളീയ ഛായ ഉണ്ടെന്ന് പറയുന്നവരുമുണ്ട്.
ജീവിതത്തെ സിനിമ എങ്ങനെ രൂപപ്പെടുത്തി ?
ഈ ജീവിതം സിനിമ തന്നതാണ്. ഇവിടെ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. ജീവിതം പോലും പഠിപ്പിച്ചു. അതിന് സിനിമയോട് നന്ദി പറയണം. എന്നെ ഒരു പുതിയ വ്യക്തിയായി സിനിമ മാറ്റിയെടുത്തു. കവിതയെ നന്ദിനിയും കൗസല്യയും ആക്കി മാറ്റിയത് സിനിമയല്ലാതെ മറ്റൊന്നുമല്ല.ചെറുപ്പം മുതൽ മോഡലിംഗ് ചെയ്യുന്നുണ്ടായിരുന്നു. എന്റെ ഫോട്ടോ കണ്ടാണ് ബാലചന്ദ്രമേനോൻ സാർ വിളിച്ചത്. സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയില്ല. യാദൃശ്ചികമായി സംഭവിച്ചു എന്നും പറയാനാവില്ല. മോഡലിംഗ് ചെയ്യാൻ ഇഷ്ടമായിരുന്നു. സിനിമയിലേക്ക് വന്ന അവസരം കൈനീട്ടി സ്വീകരിച്ചു. ദൈവത്തിന്റെ അനുഗ്രഹം എന്ന് കരുതാനാണ് ഇഷ്ടം.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നീ പ്രതിഭാധർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. അവരോടൊപ്പം അഭിനയിച്ച സിനിമകൾ എല്ലാം വലിയ വിജയം നേടുകയും ചെയ്തു. ഇതിനും ദൈവത്തിന് നന്ദി പറയുന്നു. ഇവരോടൊപ്പം ഇനിയും സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു. കഥകൾ കേൾക്കുന്നുണ്ട്.വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വിവാഹം വേണ്ട എന്നാണോ തീരുമാനം?
എനിക്ക് ഇഷ്ടം തോന്നുന്ന, എന്നെ മനസിലാക്കുന്ന തിരിച്ചറിയുന്ന ആളിനുവേണ്ടി കാത്തിരിക്കുന്നു. അങ്ങനെ ഉള്ള ആൾ എത്തിയാൽ വിവാഹം ഉണ്ടാകും. ആളിനെ കണ്ടെത്താൻ എനിക്ക് ഇതുവരെ കഴിഞ്ഞില്ല. വിവാഹ ജീവിതം സന്തോഷപ്രദമാകുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |