കൊല്ലം: ഓണത്തിന് തൂശനിലയിൽ തുമ്പപ്പൂ ചോറിനൊപ്പം നോൺവെജ് രുചിയൊരുക്കാൻ കൊല്ലം ടർക്കി ഫാമിൽ നിന്ന് ടർക്കി ഇറച്ചി എത്തുന്നു. കറി പരുവത്തിലുള്ള കഷണങ്ങളാക്കി ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കവറുകളിലാക്കി കൊല്ലം കളക്ടറേറ്റിന് സമീപത്തെ സെയിൽ ഡിപ്പോ കേന്ദ്രീകരിച്ചായിരിക്കും വില്പന. ഒപ്പം ടർക്കി മുട്ടയും വില്പനയ്ക്കുണ്ടാകും.
ഏഷ്യയിലെ ഏറ്റവും വലിയ ടർക്കി ഫാമാണ് കുരീപ്പുഴയിലേത്. കേരളമാകെ പക്ഷിപ്പനി പടർന്നപ്പോഴും കൊല്ലം ടർക്കി ഫാമിനെ ബാധിച്ചിരുന്നില്ല. എങ്കിലും പ്രോട്ടോക്കാൾ പ്രകാരം ടർക്കി ഫാമുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും നിറുത്തിവച്ചിരുന്നു. പക്ഷിപ്പനി പടരാതിരിക്കാൻ ഫാമിൽ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ദേശാടന പക്ഷികൾ എത്താതിരിക്കാൻ സമീപത്തെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ തുടർച്ചയായി മുറിച്ചുനീക്കിയിരുന്നു.
1955 പ്രാദേശിക കോഴി വളർത്തൽ കേന്ദ്രമായാണ് കൊല്ലം ടർക്കി ഫാം തുടങ്ങിയത്. 1979ലാണ് ടർക്കി വളർത്തൽ ആരംഭിച്ചത്. 2005 ലാണ് ജില്ലാ ടർക്കി ഫാമായി ഉയർത്തിയത്. പ്രോട്ടോക്കാൾ പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ ഫാമുകളിൽ കശാപ്പ് പാടില്ല. അതുകൊണ്ട് ഫാമിൽ നിന്ന് അൽപ്പം അകലെ പ്രത്യേക ഷെഡ് നിർമ്മിച്ചാണ് വില്പനയ്ക്കുള്ള ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ബാർ അസോസിയേഷനുമായി സഹകരിച്ചാണ് കളക്ടറേറ്റിന് സമീപം സെയിൽ ഡിപ്പോ ആരംഭിക്കുന്നത്.
ലഭ്യമായത് മൂന്നിനങ്ങൾ
വെൺമയിൽപ്പേടയുടെ അഴകുള്ള ലാർജ് വൈറ്റ്
എണ്ണക്കറുപ്പുള്ള ബ്രോൺസ്
ചെറു ടർക്കിയായ ബെൽ സ്വിൽ സ്മാൾ വൈറ്റ്
മൂന്നിനങ്ങളിലുമായി ഫാമിൽ 3500 ടർക്കികൾ
ഇറച്ചി കിലോ ₹ 400
മുട്ട ₹ 12
പ്രോട്ടീൻ സമൃദ്ധം
ലോകത്തെ വിവിധ ഭാഗങ്ങളിൽ വിശേഷാവസരങ്ങളിലെ വിശിഷ്ട വിഭവമാണ് ടർക്കി ഇറച്ചി. പ്രോട്ടീൻ സമൃദ്ധമായുള്ള ടർക്കി ഇറച്ചിയിൽ കൊളസ്ട്രോൾ കുറവാണെന്നതാണ് മേന്മ. ലാർജ് വൈറ്റ് ടർക്കികൾ ഒരുവർഷം കൊണ്ട് ഏഴ് കിലോ തൂക്കമെത്തും ബ്രോൺസ് അഞ്ച് കിലോ ഭാരം വയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |