കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങവെ എൽ.ഡി.എഫിൽ കൂടുതൽ സീറ്റിന് അവകാശവാദവുമായി സി.പി.ഐ. ജില്ലയിൽ കേരള കോൺഗ്രസ് എമ്മിനേക്കാൾ ശക്തി സി.പി.ഐയ്‌ക്കാണെന്ന് ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൈക്കത്ത് മാത്രമാണ് തോമസ് ചാഴികാടന് ഭൂരിപക്ഷം നേടാനായത്. മാണിഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളായ കടുത്തുരുത്തിയിലും, പാലായിലും, ഏറ്റുമാനൂരിലുമെല്ലാം യു.ഡിഎഫ് സ്ഥാനാർത്ഥിക്കായിരുന്നു ഭൂരിപക്ഷം. സി.പി.എം കഴിഞ്ഞാൽ ജില്ലയിലാകെ വേരോട്ടമുള്ളത് സി.പി.ഐയ്‌ക്കാണ്. മൂന്നു വർഷം കൊണ്ട് വൻവളർച്ച ഉണ്ടാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 8 മുതൽ 10 വരെ വൈക്കത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പാർട്ടിയുടെ വളർച്ച, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് ബിനു കേരളകൗമുദിയുമായി മനസ് തുറക്കുന്നു.
ജില്ലാ സെക്രട്ടറിയെന്ന നിലയിലെ പ്രവർത്തനം ?
'പൊതുജനങ്ങൾക്കിടിയിൽ പാർട്ടിയ്ക്ക് വലിയ അംഗീകാരംഉണ്ടാക്കാനായി. കൂടുതൽ അച്ചടക്കവും ചിട്ടയുമുണ്ടായി. ജില്ലാ ഓഫീസ് നവീകരിച്ചു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിരവധി പരിപാടികൾ നടത്താനായി. സത്യഗ്രഹ സമര വേളയിൽ മഹാത്മാഗാന്ധിയെ പുറത്തിരുത്തിയ ഇണ്ടംതുരുത്തി മനയിൽ ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ കൊണ്ടുവന്നതും, കാതോലിക്കാ ബാവ അടക്കം പ്രമുഖരെ പങ്കെടുപ്പിച്ച നടത്തിയ കാനം കനലോർമ്മ പരിപാടിയും ശ്രദ്ധേയമായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലഭിക്കുമോ ?
ഞങ്ങളുടെ ശക്തിക്കനുസരിച്ച് സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അർഹമായ പരിഗണന ഇടതുമുന്നണിയിൽ നിന്ന് ലഭിക്കുന്നുണ്ട്. അർഹതപ്പെട്ടത് വാങ്ങിയെടുക്കും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് സി.പി.ഐ പ്രതിനിധിയാണ്.
ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതിന് പിന്നിൽ ?
ഒരു ടേം സെക്രട്ടറിയായി. ഒട്ടേറ കാര്യങ്ങൾ ചെയ്തു. പാർട്ടിയ്ക്ക് കെട്ടുറപ്പും, പൊതു ജനങ്ങൾക്കിടയിൽ വിശ്വാസവും അംഗീകാരവുമുണ്ടാക്കി. ഇനിയും സെക്രട്ടറിസ്ഥാനത്ത് തുടരാൻ താത്പര്യമില്ല. ജില്ലാ സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വി.കെ.സന്തോഷ് കുമാർ സെക്രട്ടറിയായേക്കും
പാർട്ടി സംസ്ഥാന നേതൃത്വം ബിനുവിന്റെ അഭ്യർത്ഥനമാനിച്ച് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ വി.കെ.സന്തോഷ് കുമാറിനായിരിക്കും സാദ്ധ്യത. ബിനു സംസ്ഥാന നേതൃനിരയിൽ എത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |