കല്യാൺ: കുപ്രസിദ്ധ 'ഫട്‌ക' സംഘത്തിന്റെ ആക്രമണത്തിൽ നാസിക്ക് സ്വദേശിയായ 22കാരന് ഇടതുകാൽ നഷ്‌ടപ്പെട്ടു. ഇന്നലെ രാവിലെ താനെയിൽ നിന്ന് നാസിക്കിലേക്കുള്ള തപോവൻ എക്‌സ്‌പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കർഷകനായ ഗൗരവ് നികമിന് നേരെ ആക്രമണമുണ്ടായത്.
ഷഹാദിനും അംബിവ്‌ലി റെയിൽവേ സ്റ്റേഷനുമിടയിൽ ഇറാനി പാഡയ്‌ക്ക് സമീപം ട്രെയിൻ വേഗത കുറച്ചപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ വാതിലിനടുത്ത് ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു നികം. പെട്ടെന്ന് പുറത്ത് നിന്നൊരാൾ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ആദ്യം ഇയാൾ ഫട്‌ക (വടി) ഉപയോഗിച്ച് കയ്യിലടിച്ചു. ഇതോടെ നിയന്ത്രണംവിട്ട നികം ട്രെയിനിൽ നിന്ന് താഴേക്ക് വീണു. ഇതിനിടെ ഇടതുകാൽ ട്രെയിനിനിടയിൽപ്പെട്ട മുറിഞ്ഞുപോവുകയായിരുന്നു.
വേദനകൊണ്ട് നികം നിലവിളിച്ചെങ്കിലും പ്രതിയായ 16കാരൻ ഇയാളുടെ അടുത്തേക്ക് വന്ന് ഫോണും പോക്കറ്റിൽ നിന്ന് 20,000 രൂപയും തട്ടിയെടുത്തു. തടയാൻ ശ്രമിച്ചെങ്കിലും ആക്രമിക്കപ്പെട്ടു. വഴിയാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നികമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ 16കാരനെ പിടികൂടുകയും ചെയ്‌തു.
സെക്ഷൻ 307, 309(4) എന്നീ കുറ്റങ്ങൾ ചുമത്തി കൊലപാതക ശ്രമത്തിനും മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇറാനി പാഡയിൽ മോഷണം നടത്തുന്നത് സ്ഥിരം സംഭവമാണ്. മുമ്പും നിരവധിപേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ പണ്ടാരി കാണ്ഡേ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |