ആലപ്പുഴ: സീരിയൽ കില്ലറെന്ന സംശയത്തിൽ അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സിഎം സെബാസ്റ്റ്യന്റെ ചേർത്തല പള്ളിപ്പുറത്തുള്ള ചൊങ്ങുംതറ വീട്ടുപരിസരത്ത് നിന്ന് വീണ്ടും അസ്ഥികൾ കണ്ടെത്തി. വീടിന്റെ പുറകുവശത്ത് എടുത്ത കുഴിയിലാണ് അസ്ഥികൾ കണ്ടെത്തിയത്. ഇതോടെ സമീപത്തുള്ള കുളംവറ്റിച്ച് പരിശോധന നടത്താൻ പൊലീസ് ഒരുങ്ങുകയാണ്. കൂടുതൽ മൃതദേഹമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഈ നീക്കം.
നേരത്തെ ഇതിന് സമീപത്ത് നിന്ന് തലയോട്ടി, തുടയെല്ല്, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടം എന്നിവ ലഭിച്ചിരുന്നു. കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതി കുറ്റസമ്മതം നടത്തിയിട്ടില്ല. ഇയാൾ സീരിയൽ കില്ലറാണെന്ന സംശയത്തിൽ പൊലീസ് എത്തിയിരുന്നു. ഇയാളുടെ വീട്ടുപരിസരത്ത് നിന്ന് നേരത്തെ കിട്ടിയ മൃതദേഹത്തിന് പല്ലിൽ ക്ലിപ്പിട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് കാണാതായ പഞ്ചായത്ത് മുൻ ജീവനക്കാരി ചേർത്തല വാരനാട് വെളിയിൽ ഐഷയ്‌ക്ക് (58) ക്ളിപ്പിട്ട പല്ലുണ്ടായിരുന്നു. ഐഷയുടെ മകളുടെ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനയ്‌ക്കായി ശേഖരിച്ചു.
ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭൻ (47), ചേർത്തലതെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു (43) എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി 2017ലാണ് ലഭിച്ചത്. ബിന്ദുവിന് എറണാകുളം ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം വ്യാജരേഖ ചമച്ച് സെബാസ്റ്റ്യൻ തട്ടിയെടുത്തെന്ന് കേസുണ്ട്. സെബാസ്റ്റ്യന്റെ വീടിന്റെ പല ഭാഗവും കുഴിച്ച് നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. വിസമ്മതിച്ചതിനാൽ നുണ പരിശോധന നടന്നില്ല.
പാലയിലെ ധ്യാന കേന്ദ്രത്തിൽ വച്ചാണ് ജെയിൻ മാത്യുവിനെ (ജെയ്നമ്മ -55) സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. സ്ഥലമിടപാട് നടത്തിയിരുന്നു. ജെയ്നമ്മയുടെ സ്വർണം സെബാസ്റ്റ്യൻ വിറ്റെന്ന് കണ്ടെത്തി. ധ്യാനത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെയിനിനെ 2024 ഡിസംബർ 23നാണ് കാണാതായത്. ജെയ്നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ ഈരാറ്റുപേട്ടയിൽവച്ച് റീച്ചാർജ് ചെയ്തിരുന്നു.
ഐഷയെ 2012 മേയ് 13നാണ് കാണാതായത്. ഫോൺ വന്നതിനെ തുടർന്ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. കുടുംബസ്വത്ത് തർക്കം നിലനിന്നിരുന്ന ഐഷയ്ക്ക് സമീപവാസിയുടെ അഞ്ച് സെന്റ് സ്ഥലം വാങ്ങിനൽകാൻ മുൻകൈയെടുത്തത് സെബാസ്റ്റ്യനായിരുന്നു.
തിരുവിഴ ക്ഷേത്രത്തിലേക്ക് പോയ സിന്ധുവിനെ 2020 ഒക്ടോബർ 19നാണ് കാണാതായത്. ക്ഷേത്രത്തിൽ വഴിപാട് നടത്തിയതായി കണ്ടെത്തി. മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |