അബുദാബി: യുഎഇയിലെ 12 സ്വകാര്യ സ്കൂളുകൾക്കെതിരെ നടപടി ശക്തമാക്കി അബുദാബി വിദ്യാഭ്യാസ റെഗുലേറ്ററി അതോറിറ്റി. എക്‌സ്റ്റേണൽ അസെസ്‌മെന്റ്സ്, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എന്നിവയേക്കാൾ ഇന്റേണൽ ഗ്രേഡുകൾ വളരെ ഉയർന്നതാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഗ്രേഡ് വ്യതിയാനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (എഡിഇകെ) എമിറേറ്റിലെ ചില സ്വകാര്യ സ്കൂളുകളിൽ 11, 12 ക്ലാസുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് താത്ക്കാലികമായി വിലക്കിയിരുന്നു. വിലക്ക് 9 മുതൽ 11 വരെയുള്ള ക്ളാസുകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. പതിവായി നടത്തുന്ന ഗുണനിലവാര വിലയിരുത്തലിലാണ് പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതെന്നാണ് എഡിഇകെ വിശദീകരിച്ചത്.
പഠനത്തിലോ നേട്ടത്തിലോ പുരോഗതിയും ഉണ്ടാകാതെ തന്നെ വിദ്യാർത്ഥികളുടെ ഗ്രേഡുകൾ കാലക്രമേണ വർദ്ധിക്കുന്ന രീതിയെയാണ് ഗ്രേഡ് വർദ്ധനവ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. യഥാർത്ഥ അക്കാദമിക് പുരോഗതി പ്രതിഫലിപ്പിക്കാതെ മാർക്ക് ഉയരുമ്പോൾ, അവയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.
എക്‌സ്റ്റേണൽ ബെഞ്ച്‌മാർക്കുകളും അസെസ്‌മെന്റ് റിസൾട്ടുകളും താരതമ്യം ചെയ്യുന്നതിനായി സ്കൂളുകൾ ആന്തരിക ഗ്രേഡ് ഡാറ്റ സമർപ്പിക്കേണ്ടതായി വരുമെന്ന് എഡിഇകെ അണ്ടർസെക്രട്ടറി മുബാറക് ഹമദ് അൽ മെയിരി അറിയിച്ചു. വിദ്യാഭ്യാസ സംവിധാനത്തിലെ അപാകതകൾ നേരത്തേ കണ്ടെത്തുന്നതിനുള്ള ട്രെൻഡ് വിശകലനവും ഈ ഘട്ടത്തിൽ ഉൾപ്പെടും. മാർക്ക് വിലയിരുത്തലിൽ സ്ഥിരതയും കൃത്യതയും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. പിഴ ചുമത്തുകയല്ല, മറിച്ച് വിദ്യാഭ്യാസ മേഖലയിലുടനീളം തുടർച്ചയായ പുരോഗതിയുണ്ടാക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |