ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താൻ അതിർത്തിയിൽ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും ഭിന്നതകൾ തർക്കമോ സംഘർഷമോ ആയി മാറരുതെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്.
ഇരുഭാഗത്തുനിന്നും ക്രിയാത്മകമായ സമീപനമുണ്ടാകണം. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താത്പര്യം എന്നിവ നിർബന്ധമാണ്.ഭീകരവാദത്തിനെതിരായ പോരാട്ടം ഇരുരാജ്യങ്ങളെ സംബന്ധിച്ചും പ്രധാനമാണ്. സഹകരണം മെച്ചപ്പെടുത്താൻ ചർച്ചകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജയശങ്കർ പറഞ്ഞു. അതിർത്തിയിൽ സംഘർഷം കുറയ്‌ക്കാൻ നടപടിയെടുത്തെന്നും കൈലാസ് മാനസരോവർ യാത്ര പുനഃരാരംഭിച്ചത് ബന്ധത്തിൽ നിർണായകമായെന്നും വാങ് യി പറഞ്ഞു.
ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി ചർച്ചയ്‌ക്കായാണ് വാങ് യി ഇന്ത്യയിലെത്തിത്. ഇന്നു രാവിലെ 11ന് വാങ് യി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായിയ കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി തല ചർച്ചയുടെ 24-ാം റൗണ്ടാണിത്. 23-ാം റൗണ്ട് ചർച്ചയ്ക്കായി ഡോവൽ ചൈന സന്ദർശിച്ചിരുന്നു.
മോദിയുമായി ഇന്ന് കൂടിക്കാഴ്ച
വാങ് യി ഇന്ന് വൈകിട്ട് 5.30ന് 7 ലോക് കല്യാൺ മാർഗ്ഗിലെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. വാങ്‌യിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കാനിരിക്കെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ആഗസ്റ്റ് 31, സെപ്തംബർ ഒന്ന് തീയതികളിൽ ടിയാൻജിനിലാണ് എസ്.സി.ഒ ഉച്ചകോടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |