തിരുവനന്തപുരം: സിൻഡിക്കേറ്റ് അംഗങ്ങൾക്ക് പ്രത്യേക അധികാരങ്ങളില്ലാത്തതിനാൽ ഔദ്യോഗിക കാര്യങ്ങളിൽ അവർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കേണ്ട ബാദ്ധ്യത ജീവനക്കാർക്കില്ലെന്ന് സംഘടനാ പ്രതിനിധികളെ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ അറിയിച്ചു. ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ബാഹ്യ സമ്മർദ്ദങ്ങളുണ്ടായാൽ തന്നെ നേരിട്ടറിയിക്കാമെന്നും അവരുമായി നടത്തിയ ചർച്ചയിൽ വി.സി പറഞ്ഞു.
സിൻഡിക്കേറ്റ് അംഗങ്ങളിൽ പലർക്കും സർവകലാശാല നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് പ്രശ്നങ്ങൾക്ക് കാരണം. ജീവനക്കാർ യൂണിവേഴ്സിറ്റി ചട്ടവും നിയമവും അനുസരിച്ച് ഫയലുകൾ കൈകാര്യം ചെയ്യാൻ ബാധ്യസ്ഥരാണ്. വി.സിയുടെ ഭാഗത്ത്
വീഴ്ചയുണ്ടായാൽ പോലും ചൂണ്ടിക്കാട്ടി തെറ്റ് തിരുത്തണം. വിസിയും സിൻഡിക്കേറ്റ് അംഗങ്ങളും ഒരു നിശ്ചിത കാലയളവിലേക്ക് നിയോഗിക്കപ്പെടുന്നവരാണ്. ജീവനക്കാർക്കാണ് കാര്യങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം. നിയമ പ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചാൽ നിരസിക്കണം. ഇക്കാര്യം വി.സിയെ അറിയിക്കണം. തെറ്റായ കാര്യങ്ങൾ ചെയ്താൽ ആരും സംരക്ഷിക്കില്ല.. ചാൻസലറായ ഗവർണറുടെ പിന്തുണയോടെയാണ് ഇക്കാര്യം പറയുന്നത്. എല്ലാ ജീവനക്കാർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നും വി.സി പറഞ്ഞു.
കഴിഞ്ഞ ദിവസം സിൻഡിക്കേറ്റംഗങ്ങളും ജീവനക്കാരുമായി വാഗ്വാദമുണ്ടായ സാഹചര്യത്തിലാണ് വി.സി ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചത്. കോൺഗ്രസ്, സിപിഐ, ബിജെപി അനുഭാവമുള്ള സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. സി.പി.എം അനുകൂല സംഘടന വിട്ടു നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |