കൊച്ചി: ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് 2004 - 2005 ൽ സർക്കാർ അനുവദിച്ച മെയിന്റനൻസ് ഗ്രാന്റിൽ നിന്ന് 67,26,272 രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ സെക്രട്ടറി ഇന്ദ്രബാലൻ പിള്ള, മുൻ എൻജിനിയർ ടി.എസ്. വേലുസ്വാമി, മുൻ ചെയർപേഴ്‌സൺ ലളിതാമ്മ സോമനാഥൻ, മുൻ അസിസ്റ്റൻറ് എൻജിനിയർ കെ.ആർ. വിക്രമൻ എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. വിജിലൻസിന്റെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ദ്രബാലൻ പിള്ളയും വേലുസ്വാമിയും സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവ്.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി 1.26 കോടിയും റോഡുകൾക്ക് 13 ലക്ഷവുമാണ് സർക്കാർ അനുവദിച്ചത്. ഈ ഫണ്ട് ഉപയോഗിച്ച് 26 പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാക്കാൻ അസിസ്റ്റന്റ് എൻജിനിയറെ മുനിസിപ്പൽ കൗൺസിൽ ചുമതലപ്പെടുത്തി. തുടർന്ന് പ്രതികൾ ഗൂഢാലോചന നടത്തി ക്രമവിരുദ്ധമായി 90,61,200 രൂപ മുൻകൂറായി അസിസ്റ്റന്റ് എൻജിനിയറുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. മാറ്റിയ തുകയിൽ 23,34,928 രൂപയുടെ ജോലികൾ മാത്രമാണ് നടപ്പാക്കിയത്. 67,26,272 രൂപ വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.വിജിലൻസിന് വേണ്ടി സ്‌പെഷ്യൽ ഗവ. പ്ലീഡർ എ.രാജേഷ്, സീനിയർ ഗവ.പ്ലീഡർ എസ്.രേഖ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |