ന്യൂഡൽഹി: മലയോര വിനോദസഞ്ചാര മേഖലകളിലും സർക്കാർ പരിപാടികളിലും വിവാഹ ചടങ്ങുകളിലുമടക്കം പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് അതിനുള്ള അധികാരമുണ്ടോയെന്ന് സംശയവുമുന്നയിച്ചു. ഉത്തരവ് ബാധിക്കുന്നവരെ അടക്കം ഹൈക്കോടതി കേട്ടില്ലെന്നും വ്യക്തമാക്കി.
നിരോധനത്തെ സർക്കാർ അനുകൂലിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂൺ 17ലെ ഹൈക്കോടതി ഉത്തരവിനെതിരെ അന്ന പോളിമേഴ്സാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കകം മറുപടി അറിയിക്കണം. തങ്ങളെ കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാവൂ എന്നുകാട്ടി സംസ്ഥാന സർക്കാർ തടസഹർജി ഫയൽ ചെയ്തിരുന്നു. പരിസ്ഥിതി സംരക്ഷണം ചൂണ്ടിക്കാട്ടി സ്വമേധയാ എടുത്ത കേസിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
മൂന്നാർ,അടിമാലി,മാങ്കുളം,പള്ളിവാസൽ,മറയൂർ,ദേവികുളം,കാന്തള്ളൂർ,വട്ടവട,തേക്കടി,വാഗമൺ, അതിരപ്പള്ളി,ചാലക്കുടി-അതിരപ്പള്ളി സെക്‌ടർ,നെല്ലിയാമ്പതി,വൈത്തിരി പൂക്കോട് കായൽ,സുൽത്താൻ ബത്തേരി,വയനാട് കർലാട് കായൽ,അമ്പലവയൽ,വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവയടക്കമുള്ള മലയോര വിനോദസഞ്ചാര മേഖലകളാണ് ഹൈക്കോടതി ഉത്തരവിന്റെ പരിധിയിൽ വന്നിരുന്നത്.
സ്റ്റേ ബാധകമാകുന്നത്
മലയോര വിനോദസഞ്ചാര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം. പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്,ഫുഡ് കണ്ടെയ്‌നറുകൾ,സാഷെകൾ,പ്ലാസ്റ്റിക് ബേക്കറി ബോക്‌സുകളുടെ നിരോധനം
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും വിവാഹം അടക്കം നടക്കുന്ന ഓഡിറ്റോറിയം,ഹോട്ടലുകൾ,റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ നിരോധനം. ഇവിടങ്ങളിൽ അഞ്ചു ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ, രണ്ട് ലിറ്ററിന് താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ, പ്ലാസ്റ്റിക് സ്ട്രോ,പ്ലേറ്റ്,കപ്പ് തുടങ്ങിയവയുടെ നിരോധനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |