തിരുവനന്തപുരം: അനശ്വര നടൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 12 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്ന അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു.
അമ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷാനവാസ്, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങളിൽ റോമാന്റിക് ഹീറോയായിട്ടാണ് വെള്ളിത്തിരയിലെത്തിയത്. അംബികയാണ് ആദ്യ നായിക. 80കളിൽ സിനിമയിൽ നിറയെ അവസരം ലഭിച്ചുവെങ്കിലും പിന്നീട് അവസരം കുറഞ്ഞു. ഐ.വി.ശശി സംവിധാനം ചെയ്ത നീലഗിരിക്കു ശേഷം സിനിമ ഉപേക്ഷിച്ചു. ബിസിനസിലേക്ക് തിരിഞ്ഞു. മലേഷ്യയിൽ സ്ഥിര താമസമാക്കിയ ഷാനവാസ് സിനിമയിൽ തിരിച്ചെത്തിയത് വിജിതമ്പി സംവിധാനം ചെയ്ത നമ്മൾ തമ്മിൽ എന്ന ചിത്രത്തിലൂടെയാണ്. 2015ൽ റിലീസ് ചെയ്ത കുമ്പസാരമാണ് അവസാന ചിത്രം.
ഹബീബ ബീവിയാണ് മാതാവ്. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടുകയും ചെയ്തു. പ്രേംനസീറിന്റ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളാണ് ഷാനവാസിന്റെ പത്നിയായ ആയിഷ ബീവി. ഷമീർഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ. ഷമീർ ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലേഷ്യയിൽ സ്വകാര്യ കമ്പനിൽ ജോലി ചെയ്യുന്നു. അജിത് ഖാൻ ആസ്‌ട്രേലിയയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |