ടെൽ അവീവ്: ഇസ്രയേൽ വ്യോമാക്രമണങ്ങൾ നിറുത്തിയാൽ തങ്ങളുടെ പിടിയിലുള്ള ബന്ദികൾക്കായി ഭക്ഷണം അടക്കം സഹായമെത്തിക്കാൻ റെഡ് ക്രോസിനെ അനുവദിക്കുമെന്ന് ഹമാസ്. ഇതിനായി ഇസ്രയേൽ മാനുഷിക ഇടനാഴികൾ സ്ഥിരമായി തുറക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. പട്ടിണി മൂലം തിരിച്ചറിയാൻ കഴിയാത്ത വിധം ശരീരം മെലിഞ്ഞ നിലയിലെ ഇസ്രയേലി ബന്ദിയുടെ വീഡിയോ ഹമാസ് അടുത്തിടെ പുറത്തുവിട്ടിരുന്നു.
പിന്നാലെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നടക്കം ഹമാസിനെതിരെ വ്യാപക വിമർശനം ഉയർന്നു. ബന്ദികളിലേക്ക് മാനുഷിക സഹായം എത്തിക്കാൻ സഹകരിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു റെഡ് ക്രോസിനോട് ആവശ്യപ്പെട്ടിരുന്നു. ഗാസയിലെ മനുഷ്യർക്ക് ലഭിക്കുന്ന ഭക്ഷണം തന്നെയാണ് ബന്ദികൾക്ക് നൽകുന്നതെന്നും അവർക്കായി പ്രത്യേക ആഹാരം നൽകാൻ കഴിയില്ലെന്നും ഹമാസ് പ്രതികരിച്ചു.
അതേസമയം, പട്ടിണി രൂക്ഷമായ ഗാസയിലേക്ക് സഹായമെത്തിക്കാൻ ഇസ്രയേൽ അനുവദിച്ച ഇളവുകൾ തുടരുന്നു. ഫ്രാൻസിന് പിന്നാലെ സ്പെയിൻ, ബെൽജിയം എന്നീ രാജ്യങ്ങളും വിമാനങ്ങളിൽ നിന്ന് പാരഷൂട്ട് വഴി ഭക്ഷണം അടക്കം സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്തു തുടങ്ങി.
ഇന്ധനവുമായി യു.എന്നിന്റെ നാല് ടാങ്കറുകൾ ഗാസയിലെത്തി. കടുത്ത ഇന്ധന ക്ഷാമം ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കിയിരുന്നു. അതേസമയം,ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു. ആകെ മരണം 60,930 കടന്നു.
ഗാസയിൽ ശേഷിക്കുന്ന ഇസ്രയേലി ബന്ദികൾ - 50
ഇതിൽ ജീവനോടെയുള്ളത് - 20
ഒരാഴ്ചയ്ക്കിടെ
ഗാസയിലെത്തിയത് - 1,200 സഹായ ട്രക്കുകൾ
ലഭിച്ചത് - 23,000 ടൺ മാനുഷിക സഹായം
ഗാസയിലെ ക്ഷാമം പരിഹരിക്കണമെങ്കിൽ പ്രതിദിനം എത്തേണ്ടത് - 600 സഹായ ട്രക്കുകൾ
പട്ടിണി
മരണം 180
ഗാസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 93 കുട്ടികൾ അടക്കം 180 ആയി. 24 മണിക്കൂറിനിടെ 5 പേർ കൂടി മരിച്ചു.
എയർഡ്രോപ്പിനിടെ
ദാരുണാന്ത്യം
മദ്ധ്യ ഗാസയിലെ ദെയ്ർ അൽ ബലാഹിൽ വിമാനത്തിൽ നിന്ന് എയർഡ്രോപ്പ് ചെയ്ത സഹായ പാക്കറ്റുകൾ അടങ്ങിയ ഭീമൻ പെട്ടി പതിച്ച് ഒരാൾക്ക് ദാരുണാന്ത്യം. അൽ-അഖ്സ ആശുപത്രിയിലെ നഴ്സായ ഉദയ് അൽ-ഖുറാൻ ആണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |