കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്‌മാർട്ട് ഫോണുകളുടെ ഉപയോഗത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് കൊവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ ഫോണിലൂടെ ആയതിനാൽ കൊച്ച് കുട്ടികൾക്ക് പോലും ഇന്ന് സ്‌മാർട്ട് ഫോണുണ്ട്. പ്രായഭേദമന്യേ ഇന്ന് എല്ലാവരും ഇവ ഉപയോഗിക്കുകയാണ്. സാങ്കേതിക വിദ്യ വികസിക്കുമ്പോൾ സൗകര്യങ്ങൾ കൂടുമെങ്കിലും അതുപോലെതന്നെ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. അറിവില്ലായ്‌മ കാരണം പലർക്കും ഇക്കാരണത്താൽ സാമ്പത്തിക നഷ്‌ടം വരെ ഉണ്ടായേക്കാം. ഇപ്പോഴിതാ യുഎസ് മുൻ വൈസ് പ്രസിഡന്റ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.
കമല ഹാരിസ് പറഞ്ഞത്
2024ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ആദ്യമായാണ് മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്നത്. 'ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ടിൽ' എന്ന ടെലിവിഷൻ പരിപാടിയിലാണ് അവർ എത്തിയത്. കോളുകൾ വരുമ്പോൾ സംസാരിക്കാനായി വയറുള്ള ഹെഡ്‌സെറ്റുകൾ മാത്രമേ താൻ ഉപയോഗിക്കാറുള്ളു എന്നാണ് അവർ പറഞ്ഞത്. വയർലസ് സാങ്കേതിക വിദ്യ ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ കാരണവും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഇന്ത്യക്കാരും സൂക്ഷിക്കണം
കമലാ ഹാരിസ് പറഞ്ഞ അതേ കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ബ്ലൂടൂത്ത് ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഒരു മുന്നറിയിപ്പ് നൽകി. ഇവ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോരാൻ സാദ്ധ്യതയുണ്ട്.
കമലയുടെ മുന്നറിയിപ്പ്
തന്റെ പുതിയ പുസ്തകമായ '107 ഡെയ്‌സി'ൽ നിന്നുള്ള ഇതുവരെ പുറത്തുവിടാത്ത ചില ചിത്രങ്ങൾ അവർ അഭിമുഖത്തിൽ കാണിച്ചു. ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് ഹെഡ്‌സെറ്റ് വിഷയമായി വന്നത്. ജോ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷം സുഹൃത്തുക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും നൂറുകണക്കിന് കോളുകൾ വന്നതായി അവർ പറഞ്ഞു. അപ്പോഴാണ് കോളുകൾ എടുക്കാനായി വയറുള്ള ഇയർഫോണുകൾ മാത്രമേ ഉപയോഗിക്കാറുള്ളു എന്നവർ പറഞ്ഞത്. അതിന്റെ കാരണം പറഞ്ഞത് ഇതായിരുന്നു.
'ഞാൻ സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രഹസ്യ വിവര ശേഖരണങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്. ആർക്കും സംഭാഷണം കേൾക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് നമ്മൾ ഇയർഫോണുകൾ ഉപയോഗിക്കുന്നത്. എന്നാൽ, വയറുള്ള ഇയർഫോണുകൾ കുറച്ചുകൂടി സുരക്ഷിതമാണ് ' - കമല പറഞ്ഞു. മാത്രമല്ല, 2020ൽ ഡൊണാൾഡ് ട്രംപിനെതിരെയുള്ള വിജയത്തിന് ശേഷമുള്ള ഒരു ചിത്രത്തിലും കമല വയറുള്ള ഹെഡ്‌ഫോൺ കയ്യിൽ പിടിച്ചിരിക്കുന്നതായി കാണാം.
യഥാർത്ഥ പ്രശ്‌നം?
ഒരു നിശ്ചിത പരിധിക്കുള്ളിൽ വായുവിലൂടെ ഡാറ്റ കൈമാറാൻ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ കഴിയും. പ്രത്യേകിച്ച് പൊതു സ്ഥലങ്ങളിൽ ഇങ്ങനെ ഉപയോഗിക്കുന്നത് ഫോണിലെ വിവരങ്ങൾ ചോരുന്നതിന് കാരണമാകും. അതിനാൽത്തന്നെ വയറുള്ള ഹെഡ്‌സെറ്റ് ഉപയോഗിക്കുന്ന കമലാ ഹാരിസ് ബുദ്ധിമതിയാണെന്നാണ് സർട്ടിഫൈഡ് ഹാക്കർമാരിൽ ഒരാളായ മാരിൽ വെർനോൺ പറയുന്നത്.
ബ്ലൂടൂത്തുമായി ബന്ധപ്പെട്ട ഒന്നിലധികം സുരക്ഷാ പിഴവുകൾ അവർ ചൂണ്ടിക്കാട്ടി. നിങ്ങൾ ഉപയോഗിക്കുന്നത് എത്ര വലിയ ബ്രാൻഡിന്റെ വിലകൂടിയ ഹെഡ്‌സെറ്റായാലും അതിൽ സുരക്ഷാ വീഴ്‌ച ഉണ്ടാകുമെന്നാണ് മാരിൽ വെർനോൺ പറയുന്നത്.
ബ്ലൂടൂത്ത് ഉപയോഗം അവസാനിപ്പിക്കണം?
ഫോബ്‌സ് റിപ്പോർട്ട് അനുസരിച്ച് പത്രപ്രവർത്തനം, നയതന്ത്രം, രാഷ്‌ട്രീയം തുടങ്ങി നിർണായക വിവരങ്ങൾ കൈമാറുന്ന ജോലിയാണെങ്കിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇവരെയാണ് ഹാക്കർമാർ കൂടുതലും ലക്ഷ്യമിടുന്നത്. ഇനി പറയാൻ പോകുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറച്ചുകൂടി സുരക്ഷിതമായി ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |