വാഷിംഗ്‌ടൺ: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ. ഇന്ത്യയിൽ നിന്ന് നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ ലോകത്തിന്റെ പകുതിയെയും പാകിസ്ഥാൻ തകർക്കുമെന്നാണ് യുഎസിൽ നടന്ന ഒരു പരിപാടിക്കിടെ പാക് സൈനിക മേധാവി, ഫീൽഡ് മാർഷൽ ആസിം മുനീർ പ്രഖ്യാപിച്ചത്. പ്രമുഖ ബിസിനസുകാരനായ അദ്നാൻ അസദ് ടാംപയിൽ നടത്തിയ അത്താഴവിരുന്നിൽ സംസാരിക്കുകയായിരുന്നു മുനീർ.
'ഞങ്ങളൊരു ആണവായുധ രാജ്യമാണ്. ഞങ്ങൾ തകരുകയാണെങ്കിൽ ഞങ്ങളോടൊപ്പം ലോകത്തിന്റെ പകുതിയെയും തകർക്കും. ഇന്ത്യ ഡാം നിർമിക്കുകയാണെങ്കിൽ നമ്മൾ പത്ത് മിസൈലുകൾ ഉപയോഗിച്ച് അത് തകർക്കും. സിന്ധുനദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. നമ്മുടെ പക്കൽ മിസൈലുകൾക്ക് കുറവൊന്നുമില്ല.
ഒരു ഫെരാരിയെപ്പോലെ ദേശീയ പാതയിൽ കൂടി വരുന്ന തിളക്കമുള്ള മെഴ്‌സിഡസ് ആണ് ഇന്ത്യ. എന്നാൽ നിറയെ ചരലുകളുള്ള ഒരു ട്രക്ക് ആണ് ഞങ്ങൾ. ട്രക്ക് കാറിൽ ഇടിക്കുകയാണെങ്കിൽ ആർക്കാണ് നഷ്ടം സംഭവിക്കുക. ലോകനേതാവായി ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ യാഥാർത്ഥ്യം വളരെ അകലെയാണ്. കാനഡയിലെ സിഖ് നേതാവിന്റെ കൊലപാതകം, ഖത്തറിൽ എട്ട് നാവിക ഉദ്യോഗസ്ഥരുടെ അറസ്റ്റ്, കുൽഭൂഷൺ ജാദവ് കേസ് എന്നിവയെല്ലാം അന്താരാഷ്ട്ര ഭീകരതയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ തെളിവുകളാണ്'- മുനീർ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ചടങ്ങിനുശേഷം മുനീർ യുഎസിന്റെ ഉന്നത സൈനിക, രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |